സാന്ദ്ര തോമസിന്‍െറ പരാതി: കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന് ഒന്നാം പ്രതിയും ഭാര്യയും

കൊച്ചി: യുവ സംരംഭക സാന്ദ്ര തോമസിന്‍െറ പരാതിയില്‍ പൊലീസ് കെട്ടിച്ചമച്ച കേസിലാണ് താന്‍ ജയിലിലായതെന്ന ആരോപണവുമായി ഒന്നാം പ്രതി രംഗത്ത്. സാന്ദ്ര തോമസുമായുള്ള ഭൂമി ഇടപാടില്‍ കബളിപ്പിക്കപ്പെട്ട തങ്ങളെ ആസൂത്രിതമായി കേസില്‍ കുടുക്കുകയാണ് ചെയ്തതെന്ന് പ്രതികളാക്കപ്പെട്ട എറണാകുളം ബ്രോഡ്വേയിലെ തനിമ ഫാഷന്‍ ജ്വല്ലറി ഉടമ കമാലുദ്ദീനും ഭാര്യ സജിനയും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 

ഇടപ്പള്ളി പോണേക്കരയില്‍ അഞ്ച് സെന്‍റ് ഭൂമിയും മൂന്ന് നിലയുള്ള കെട്ടിടവും 1.75 കോടി രൂപക്ക് സാന്ദ്ര തോമസിന് നല്‍കാന്‍ കരാര്‍ ഉറപ്പിക്കുകയും പരസ്പര വിശ്വാസത്തില്‍ ആധാരം ചെയ്തുനല്‍കിയെങ്കിലും തുക കൈമാറിയില്ല. ബാങ്ക് വായ്പയായി എടുക്കുന്ന തുക സ്ഥലം ഇടപാടിന് നല്‍കാം എന്ന സാന്ദ്ര തോമസിന്‍െറയും ഭര്‍ത്താവിന്‍െറയും വാഗ്ദാനത്തില്‍ വിശ്വസിച്ചായിരുന്നു ഇതെന്നും എന്നാല്‍, പറഞ്ഞ തീയതിയില്‍ തുക നല്‍കാതെ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിക്കുകയുമായിരുന്നെന്നും ഇവര്‍ ആരോപിച്ചു. 

കരാര്‍ പ്രകാരം 2016 ആഗസ്റ്റ് 24ന് തുക നല്‍കാമെന്ന് സാന്ദ്ര തോമസ് സമ്മതിച്ചിരുന്നു. പലവട്ടം വാക്ക് തെറ്റിച്ച ശേഷം ഒക്ടോബര്‍ 22വരെ കരാര്‍ കാലാവധി നീട്ടിനല്‍കണമെന്ന ആവശ്യവുമായി അവര്‍ക്കുവേണ്ടി പൊതുപ്രവര്‍ത്തകനായ കറുകപ്പിള്ളി സിദ്ദീഖ് സമീപിച്ചു. ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി 20ാം തീയതിയെന്ന് നിശ്ചയിച്ചു. പണം നല്‍കാമെന്ന് പറഞ്ഞ സന്ദ്ര എന്നാല്‍, 18ന് തങ്ങള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നെന്ന് കമാലുദ്ദീന്‍ പറഞ്ഞു. 
ഒരിക്കല്‍പോലും സാന്ദ്രയോട് തങ്ങള്‍ മോശമായി പെരുമാറിയിട്ടില്ളെന്നും മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് സാന്ദ്രയെ ഭീഷണിപ്പെടുത്തിയെന്ന പൊലീസിന്‍െറ വാദവും കാര്‍ തട്ടിയെടുത്തെന്ന കേസും കെട്ടിച്ചമച്ചതാണെന്നും കമാലുദ്ദീനും ഭാര്യ സജിനയും വ്യക്തമാക്കി. കേസില്‍ കാര്യക്ഷമവും സത്യസന്ധ്യവുമായ അന്വേഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags:    
News Summary - sandra Thomas case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.