കൊച്ചി: നഗരത്തിൽ സൂര്യൻ പതിയെ തലയുയർത്തി നോക്കുന്നതിനും മുേമ്പ കലൂർ സ്റ്റേഡിയത്തിെൻറ പിറകുവശത്ത് നീല സ്കൂട്ടറിലൊരു പെൺകുട്ടി വന്നുനിൽക്കും. സ്കൂട്ടറിനുമുകളിൽ വലിയ സ്റ്റീൽ സമോവറിൽ ചൂടും കടുപ്പവുമുള്ള ചായയും ഒപ്പം കുറെ പെട്ടികളിലായി ചെറുകടികളും. അതിരാവിലെ സ്റ്റേഡിയത്തിനു പിറകിൽ നിത്യേന നടക്കാനും ഓടാനുമെത്തുന്നവർക്ക് ആ പെൺകുട്ടി കൗതുകക്കാഴ്ചയല്ല, മറിച്ച് വ്യായാമം ചെയ്ത് ക്ഷീണിക്കുമ്പോൾ ആരോഗ്യവും ഊർജവും പ്രദാനം ചെയ്യുന്ന ഹെർബൽ ചായ നൽകുന്നയാളാണ്. ഇത് സംഗീത ചിന്നമുത്തു. ജീവിതപ്രാരബ്ധങ്ങളിൽനിന്നൊരു മോചനത്തിന് പഠനത്തിനൊപ്പം ചായ വിൽക്കുന്ന പെൺകുട്ടി.
തമിഴ്നാട്ടിലെ കമ്പത്തുനിന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് കൊച്ചിയിലെത്തിയ ചിന്നമുത്തുവിെൻറയും സംഗിലി അമ്മാളിെൻറയും മകളായ സംഗീത നീട്ടുന്ന ചായക്കപ്പിൽ ഒരു വലിയ സ്വപ്നത്തിെൻറ കടുപ്പമുള്ള രുചിയുമുണ്ട്, കലക്ടറാവണമെന്ന ലക്ഷ്യം. ഇഗ്നോയിൽനിന്ന് എം.കോം പൂർത്തിയാക്കിയ അവൾ കുട്ടിക്കാലം മുതലേയുള്ള തെൻറ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ചുവടുവെപ്പുകളിലാണ്.
അതിരാവിലെ നാലിന് എഴുന്നേറ്റ് അമ്മക്കൊപ്പം പലഹാരങ്ങളുണ്ടാക്കുന്നിടത്ത് തുടങ്ങുന്നു ഒരുദിവസം. ആറരയോടെ അച്ഛനൊപ്പം പോണോത്ത് റോഡിലെ വീട്ടിൽനിന്ന് സ്കൂട്ടറിൽ സ്റ്റേഡിയം ലിങ്ക് റോഡിലെത്തി വിൽപന തുടങ്ങും.
ഇസ്തിരി ജോലിക്കാരനായ ചിന്നമുത്തു കൊച്ചുവീട് പണിതിരുന്നു. ബാധ്യത മൂലം വീട് നഷ്ടപ്പെടുമോയെന്ന ആശങ്കയിൽനിന്നാണ് സംഗീത അച്ഛനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. നേരേത്ത സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറായപ്പോൾ സമാഹരിച്ച തുകകൊണ്ടാണ് സ്കൂട്ടർ വാങ്ങിയത്. രാവിലെ ഒമ്പതര വരെയാണ് ഇവരുടെ ചായക്കച്ചവടം. പാലും പഞ്ചസാരയും ചേർക്കാത്ത, പകരം ഏലം, കറുവാപ്പട്ട, ഇഞ്ചി, കുരുമുളക് എന്നിവയിട്ട ഹെർബൽ ചായയാണ് സംഗീതയുടെ മാസ്റ്റർപീസ്. കൂട്ടുകാരുടെയും മറ്റും സഹായത്തോടെ അടുത്ത വർഷത്തെ പരീക്ഷക്കുള്ള തയാറെടുപ്പിലാണ് ഈ പെൺകുട്ടി. സഹോദരൻ സുരേഷ് സ്വകാര്യ കമ്പനി ജോലിക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.