ഇന്നലെ സന്ദീപ് കോൺഗ്രസായി, ഇന്ന് പാണക്കാട് പോയതോടെ യു.ഡി.എഫുമായി -കെ. മുരളീധരൻ

തിരുവനന്തപുരം: ബി.ജെ.പി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരുന്നതിനെ താൻ എതിർത്തിരുന്നുവെങ്കിലും പാർട്ടി ഒരു തീരുമാനം എടുത്തതോടെ ഇനി അതേക്കുറിച്ച് ചർച്ചയില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ‘ഇന്നലെ പാർട്ടിയിൽ ചേർന്നതോടെ സന്ദീപ് വാര്യർ കോൺഗ്രസുകാരനായി, ഇന്ന് അദ്ദേഹം പാണക്കാട് പോയി ലീഗ് നേതൃത്വത്തെ അണ്ടതോടെ അദ്ദേഹം യു.ഡി.എഫുമായി. ഇനി അദ്ദേഹത്തിന്റെ ഭൂതകാലം ചർച്ച​ചെയ്യേണ്ട ആവശ്യമില്ല’ -മുരളീധരൻ പറഞ്ഞു.

‘രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്‍റെ വരവിനെ ഞാൻ എതിർത്തിരുന്നത്. ഒന്നാമത്തേത് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണ്. രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണ്. സന്ദീപ് വാര്യരുമായി എനിക്ക് പ്രശ്നമൊന്നുമില്ല. ഞാൻ സന്ദീപ് വാര്യരെ ഇതുവ​രെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും മറ്റു രാഷ്ട്രീയപാർട്ടിയിലേക്ക് വരുന്നതൊക്കെ സ്വാഭാവികമാണ്. നാളെ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ജോർജ് കുര്യനും വന്നാലും താൻ സ്വീകരിക്കും’ - അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ദ്രോഹം ചെയ്യുമോ എന്ന് പാർട്ടി പരിശോധിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പ്രതികരിച്ചിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന സന്ദീപ് സി.പി.ഐയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എതിർ പാർട്ടികൾക്ക് ഷോക്ക് നൽകി കോൺഗ്രസ് പാളയത്തിലെത്തിയത്. സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ പാർട്ടിയിൽ എടുത്തതെന്നും സുധാകരൻ വ്യക്തമാക്കി.

‘‘ബി.ജെ.പിക്ക് അകത്ത് നിന്നുകൊണ്ട് ചെയ്തതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ വരും. ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആവർത്തിച്ച് പറഞ്ഞ എന്നോട് ‘എപ്പോൾ ബി.ജെ.പിയിൽ പോകും’ എന്ന് വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് ‘എനിക്ക് തോന്നുമ്പോൾ ബി.ജെ.പിയിലേക്ക് പോകും’ എന്ന് അന്ന് ഞാൻ രോഷാകുലനായി പറഞ്ഞത്. ഒരിക്കലും പോകില്ല എന്ന് തന്നെയാണ് അതിനർഥം. ഞാൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിത്. ബി.ജെ.പിയിൽ നിന്ന് ആളുകളെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താൻ’ -സുധാകരൻ പറഞ്ഞു.

അതേസമയം, പാലക്കാട് വിജയിക്കാൻ സന്ദീപ് വാര്യരെ കൂട്ടുപിടിക്കാൻ കോൺഗ്രസിനെ ഉപദേശിച്ചത് എസ്ഡിപിഐ ആണെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ പറഞ്ഞു. ‘കോൺഗ്രസിൽ ചേർന്നെങ്കിലും സന്ദീപ് വാര്യർ ഏതെങ്കിലും തരത്തിൽ ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ല. പാലക്കാട് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് ആര്‍.എസ്.എസ്സിന്‍റെ കാലുപിടിച്ചു. തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശം. ആര്‍.എസ്.എസിനും കോണ്‍ഗ്രസിനുമിടയിലുള്ള പാലമാണ് സന്ദീപ് വാര്യരെന്നും എ.കെ.ബാലന്‍ പറഞ്ഞു.

‘സന്ദീപിന് കോൺഗ്രസിനോടുള്ള അടുപ്പം യുഡിഎഫിനെ സാരമായി ബാധിക്കുമെന്ന് മുരളീധരൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. അത് പരിപൂർണമായി ശരിയാണെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. കേരളം ഇന്നുവരെ കാണാത്ത രൂപത്തിൽ വർഗീയത ഛർദിച്ച സന്ദീപ് വാര്യരെ തുറന്നുകാട്ടുകയാണ് മുരളീധരൻ ചെയ്തത്. മുരളി പറഞ്ഞതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ആർഎസ്എസിനെ ഒരു തരത്തിലും തള്ളിപ്പറയാൻ സന്ദീപ് തയ്യാറായിട്ടില്ല. ഇതിന് കോൺഗ്രസ് നല്ല വില കൊടുക്കേണ്ടിവരും’ -ബാലൻ പറഞ്ഞു.

സന്ദീപ് വാര്യർ സി.പി.എമ്മി​ലേക്ക് വരുമെന്ന് അഭ്യൂഹം ഉയർന്ന സമയത്ത് അദ്ദേഹം ക്രിസ്റ്റൽ ക്ലിയറായി നമ്പർ വൺ കൊമ്രേഡ് ആകുമെന്നായിരുന്നു എ.കെ. ബാലൻ പറഞ്ഞത്. ബി.ജെ.പി വിട്ട് വന്നാൽ സ്വീകരിക്കുമെന്നും മറ്റ് രാഷ്ട്രീയപാർട്ടികളിൽ നിന്ന് എത്രയോ പേരെ സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്നും ബാലൻ പറഞ്ഞിരുന്നു.

Tags:    
News Summary - k muraleedharan about sandeep varier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.