വിഴിഞ്ഞത്ത് വർഗീയതയുടെ വിത്തുവിതച്ച് നേട്ടം കൊയ്യാൻ സംഘ്പരിവാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റ പേരിൽ തെക്കൻ തീരപ്രദേശത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ സംഘ്പരിവാർ രംഗത്ത്. തുറമുഖ നിർമാണത്തിനെതിരെ രണ്ടു മാസത്തിലധികമായുള്ള സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയെ എതിർചേരിയിൽ നിർത്തിയുള്ള പ്രക്ഷോഭത്തിന് സംഘ്പരിവാർ സംഘടനകൾ തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായാണ് തുറമുഖത്തിന് അനുകൂലമായി സമരം നടത്തുന്ന പ്രദേശത്തെ വിവിധ ക്രൈസ്തവ ഇതര സമുദായ സംഘടനകളുടെ സമരപ്പന്തൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വത്സൻ തില്ലേങ്കരി ഞായറാഴ്ച സന്ദർശിച്ചത്.

തുറമുഖ നിർമാണം തടയരുതെന്നും മാർഗതടസ്സം സൃഷ്ടിക്കരുതെന്നും ഹൈകോടതി നിർദേശിച്ച ശേഷം തുറമുഖ ഗേറ്റിൽനിന്ന് മാറിയാണ് മത്സ്യത്തൊഴിലാളികളുടെ സമരപ്പന്തൽ. പക്ഷേ, ഗേറ്റ് തടയുന്നെന്ന വാദമാണ് നിർമാണക്കമ്പനിയായ അദാനിയും സംസ്ഥാന സർക്കാറും ഉയർത്തുന്നത്.

തീരദേശത്തെ ശക്തമായ മത്സ്യത്തൊഴിലാളി സമൂഹത്തെയും ലത്തീൻ അതിരൂപതയെയും തൊടാനറച്ച സർക്കാറിനും സി.പി.എമ്മിനും പ്രദേശവാസികളുടെ പേരിലെ എതിർ സമരം അനുഗ്രഹമായി. ലത്തീൻ ക്രൈസ്തവർ, നായർ, ഈഴവ, നാടാർ സമുദായങ്ങൾ, മുസ്ലിംകൾ എന്നിവർ ഒന്നിച്ചുനിന്ന് എൽ.ഡി.എഫിനും യു.ഡി.എഫിനും അനുകൂലമായി വോട്ട് ചെയ്യുകയാണ് പതിവ്. തങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്ത വോട്ട് ബാങ്ക് ബ്ലോക്കിനെ പിളർത്തുകയെന്ന തന്ത്രമാണ് വിഴിഞ്ഞത്തെ വികസന രാഷ്ട്രീയത്തിന്‍റെ മറവിൽ സംഘ്പരിവാർ ആരംഭിച്ചിരിക്കുന്നത്.

പക്ഷേ, ബി.ജെ.പി ബാനറിൽ സമരക്കാരെയും അതിരൂപതയെയും ഒതുക്കുക എന്ന ക്ഷണിക തന്ത്രത്തിൽ മാത്രമാണ് ഇടത്, വലത് മുന്നണികളുടെ ശ്രദ്ധ. 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാറശ്ശാല നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയിലെ കുമ്മനം രാജശേഖരനും എൽ.ഡി.എഫിന്‍റെ സി. ദിവാകരനും തമ്മിലുള്ള വ്യത്യാസം കേവലം 5000 വോട്ടായിരുന്നു. കോവളത്ത് എൽ.ഡി.എഫിന് ബി.ജെ.പിക്കുമേൽ 1000 വോട്ടിന്‍റെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. നെയ്യാറ്റിൻകരയിൽ അത് 5000 വോട്ടും. പ്രദേശവാസികളുടേതായി തുടങ്ങിയ തുറമുഖ അനുകൂലികളുടെ സമരത്തിൽനിന്ന് ആദ്യ ഘട്ടത്തിൽ ബി.ജെ.പിയെ അകറ്റിനിർത്തിയിരുന്നു. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, കെ.പി.എം.എസ്, വി.എസ്.ഡി.പി തുടങ്ങിയ സംഘടനകളുടെ പ്രാദേശിക നേതൃത്വം സമരത്തിന് ശക്തമായ പിന്തുണയാണ് നൽകുന്നത്.

Tags:    
News Summary - Sangh Parivar is on the scene to create communal strife in the name of Vizhinjam port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.