സി.പി.എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ

സംഘപരിവാർ രാഷ്ട്രീയത്തിനു തമിഴകത്ത് ഇടം ലഭിക്കില്ലെന്ന് സി.പി.എം തമിഴ്നാട് ഘടകം

സംഘപരിവാർ രാഷ്ട്രീയത്തിനു തമിഴകത്ത് ഇടം ലഭിക്കില്ലെന്ന് സി.പി.എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ആർ.എസ്.എസ്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ വിജയിക്കില്ല. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലും പ്രതിരോധം തീർക്കും. ബി.ജെ.പിക്കെതിരെ ഡി.എം.കെയും ഇടതുപക്ഷവും തോളോടുതോൾ ചേർന്നാണ്‌ പ്രവർത്തിക്കുന്നത്‌. സി.പി.എം 23ാം പാർടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് നടക്കുന്ന പാർട്ടി കോൺഗ്രസ് സെമിനാർ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കും.

വേദകാലത്തിനു മുമ്പുതന്നെ തമിഴ്‌നാട് പുരോഗമന സ്വഭാവം പുലർത്തിയിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം വേണ്ടെന്നാണ്‌ വേദം പറയുന്നത്‌. എന്നാൽ, ഇതിനും എത്രയോ മുമ്പ്‌ സംഘകാലത്ത്‌ മുപ്പതിലേറെ കവയിത്രികൾ ഉണ്ടായിട്ടുണ്ട്‌. ന്യൂനപക്ഷ, ഭൂരിപക്ഷ മതവിഭാഗങ്ങൾ പരസ്‌പര സ്‌നേഹത്തോടെയാണ്‌ കഴിയുന്നത്‌.

ആർ.എസ്.എസ്. വർഗീയത പ്രചരിപ്പിക്കാൻ സംഘപരിവാർ ക്ഷേത്രങ്ങളെയാണ്‌ ഉപയോഗിക്കുന്നത്‌. ക്ഷേത്രങ്ങളിൽ ആർ.എസ്.എസ്‌ കൊടി കെട്ടുന്നു. ഈ സാഹചര്യത്തിലാണ്‌ ക്ഷേത്ര ഉത്സവനടത്തിപ്പിൽ ഉൾപ്പെടെ സി.പി.എം പ്രവർത്തകർ പങ്കെടുക്കാൻ തീരുമാനിച്ചത്‌. പറ്റാവുന്നിടത്ത്‌ ക്ഷേത്ര കമ്മിറ്റിയിലും അംഗമാകും. ഇത്‌ പാർടിയുടെ നയവ്യതിയാനമാണെന്ന വ്യാഖ്യാനമുണ്ടായി. എന്നാൽ, എല്ലാ ജനവിഭാഗങ്ങളുടെയുമായ ക്ഷേത്രങ്ങളെ വർഗീയവൽക്കരിക്കാതെ സംരക്ഷിക്കാനുള്ള ഇടപെടൽ മാത്രമാണ്‌ സിപിഐ എമ്മിന്റേത്‌.

കപടമായ ദളിത്‌ പ്രേമം കാണിച്ചാണ്‌ ജാതി സംഘടനകളുമായി സംഘപരിവാർ അടുക്കുന്നത്‌. ഇതിൽ വീഴുന്നവരുമുണ്ട്‌. ദളിത്‌ വിഭാഗത്തിന്റെ ഉന്നമനത്തിനാണ്‌ ആർ.എസ്.എസ്‌ പ്രവർത്തിക്കുന്നതെങ്കിൽ തൊട്ടുകൂടായ്‌മയ്‌ക്കെതിരെ എന്തുകൊണ്ട്‌ നിലപാട്‌ സ്വീകരിക്കുന്നില്ല. ക്ഷേത്ര പ്രവേശനത്തിനായി സമരം ചെയ്യാത്തത്‌ എന്താണ്‌. ഒരു നാട്ടിൽ ഒരുതരം ശ്‌മശാനംമാത്രം മതിയെന്നെങ്കിലും പറയാനുള്ള ആർജവം കാണിക്കണ്ടേ. കേവലം രാഷ്‌ട്രീയ മുതലെടുപ്പുമാത്രമാണ്‌ ലക്ഷ്യം.

സി.പി.എം പാർടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ എം.കെ. സ്‌റ്റാലിൻ പങ്കെടുക്കുന്നത്‌ ഏറെ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. ഡി.എം.കെ പ്രവർത്തകരും ആവേശത്തിലാണ്‌. മുൻകാലങ്ങളിൽ കലൈഞ്ജർ കരുണാനിധിയോടൊപ്പം സി.പി.എം നേതാക്കളായ ജ്യോതിബസു, നായനാർ തുടങ്ങിയവർ സമാന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്‌. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിന്‌ രാഷ്‌ട്രീയ പ്രാധാന്യമേറെയാണെന്നും ബാലകൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - Sangh Parivar politics in Tamil Nadu CPM Tamil Nadu unit says no space available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.