സവർക്കറുടെ ഫോട്ടോ സ്കൂളിൽ സ്ഥാപിക്കാൻ സമ്മർദവുമായി സംഘ്പരിവാർ

കണ്ണൂർ: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാഹിയിലെ സ്കൂളിൽ ഹിന്ദുത്വ ആശയ പ്രചാരകനും ആർ.എസ്.എസ് നേതാവും രാ​​​ഷ്​​ട്ര​പി​​​താ​​​വ് മ​​​ഹാ​​​ത്മാഗാന്ധിയെ വ​​​ധി​​​ച്ച കേ​​​സി​ലെ ആറാം പ്രതിയുമായ സവർക്കറുടെ ചിത്രം സ്ഥാപിക്കാൻ സംഘ്പരിവാർ സമ്മർദം. പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അനാച്ഛാദനം ചെയ്യുന്ന 75 സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ഫോട്ടോയും ഉൾപ്പെടുത്തണമെന്നാണ് സംഘ്പരിവാർ ആവശ്യം.

നേരത്തെ സവർക്കറുടെ ഫോട്ടോയും ഉൾപ്പെട്ടിരുന്നെങ്കിലും പ്രതി​ഷേധത്തെ തുടർന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെ സവർക്കർ ചിത്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു ​ഐക്യവേദി പ്രവർത്തകർ മാഹി വിദ്യാഭ്യാസ മേലധ്യക്ഷൻ ഉത്തമരാജിനെ തടഞ്ഞുവെച്ചു. പരിശോധിച്ച്‌ ഉചിതമായ നടപടിയെടുക്കുമെന്ന്‌ റീജനൽ അഡ്‌മിനിസ്‌ട്രേറ്റർ നൽകിയ ഉറപ്പിലാണ്‌ സമരം നിർത്തിയത്‌. സർക്കാർ തലത്തിൽ സമ്മർദം നടത്തി ഫോട്ടോ സ്ഥാപിക്കാനാണ് നീക്കമെന്ന് കരുതുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.

ആഗസ്റ്റ് 13ന് അമർജ്വാലയെന്ന പേരിൽ പ്രമുഖ ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ തിരികൊളുത്തിയ ദീപശിഖയുമായി മാഹിയിൽനിന്ന് പുറപ്പെട്ട് പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെത്തിച്ചാണ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തത്.

ബ്രിട്ടീഷുകാർക്ക്‌ മാപ്പെഴുതി കൊടുത്ത്‌ ജയിൽ മോചിതനായ വ്യക്തിയുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം സ്‌കൂളിൽ സ്ഥാപിക്കുന്നത്‌ ചരിത്രത്തെ വെല്ലുവിളിക്കുന്നതാണെന്ന്‌ സി.പി.എം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ പ്രസ്‌താവനയിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച മഹാത്മഗാന്ധി, ഭഗത്‌സിങ്, സർദാർ വല്ലഭായി പട്ടേൽ, മാഹി വിമോചന സമരത്തിൽ രക്തസാക്ഷികളായ എം. അച്യുതൻ, പി.പി. അനന്തൻ, ഫ്രഞ്ചുകാരുടെ മർദനമേറ്റ്‌ മരിച്ച പി.കെ. ഉസ്‌മാൻ, ഐ.കെ. കുമാരൻ, എ.കെ.ജി, ഇ.എം.എസ്‌, കെ. കേളപ്പൻ ഉൾപ്പെടെയുള്ള ധീര ദേശാഭിമാനികളുടെ ഫോട്ടോകളാണ്‌ സ്‌കൂളുകളിൽ സ്ഥാപിക്കേണ്ടത്‌. മാപ്പെഴുതി കൊടുത്ത പ്രതിയുടെ ചിത്രം സ്ഥാപിക്കുന്നത്‌ സ്വാതന്ത്ര്യ സമരസേനാനികളെ അപമാനിക്കലാണെന്നും സി.പി.എം പറഞ്ഞു.

Tags:    
News Summary - Sangh Parivar pressure to install Savarkar's photo in school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.