ശബരിമല സംബന്ധിച്ച് വ്യാപക വ്യാജ പ്രചാരണവുമായി സംഘപരിവാർ; സത്യാവസ്ഥ പുറത്തുകൊണ്ട് വന്ന് മുഹമ്മദ് സുബൈർ

ശബരിമല സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ സംഘ്പരിവാർ പ്രൊഫൈലുകൾ നടത്തുന്ന വ്യാജ പ്രചാരണം പൊളിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. നിലക്കലിലെ തിരക്കിൽ കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരയുന്ന ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായി വ്യാജ പ്രചാരണം നടത്തുന്നത്.

കേരളത്തിലെ ഹിന്ദുക്കൾ നേരിടുന്ന ക്രൂരത, കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഹിന്ദുക്കളോട് ചെയ്യുന്നത് ഇതാണ്, ഗസ്സയിലെ കുട്ടികളെ ഉയർത്തികാണിക്കുന്ന കേരളത്തിലെ സർക്കാർ കേരളത്തിലെ ഹിന്ദു കുട്ടികളോട് കാണിക്കുന്നത് ക്രൂരതയാണ് എന്ന തരത്തിൽ കേരളത്തിനെതിരെ വ്യാപകമായ പ്രചരണമാണ് ഈ വീഡിയോക്കൊപ്പം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. വ്യാജ പ്രചാരണം വ്യാപകമാവുന്നതിനിടെ ഇതിലെ സത്യാവസ്ഥ പുറത്ത് കൊണ്ടു വന്നിരിക്കുകയാണ് മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈർ.

ശബരിമലയിൽ ദർശനത്തിനെത്തിയ കുഞ്ഞ് കരയുന്ന വിഡിയോയുടെ ആദ്യഭാഗത്തെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് തന്നെയാണ് വ്യാജ പ്രചാരണം നടക്കുന്നത്. എന്നാൽ, അച്ഛനെ കാണാതെ കരയുന്ന കുട്ടിയുടെ അടുത്തേക്ക് പിന്നീട് പൊലീസുകാരൻ എത്തുന്നതും ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ ഉണ്ട്. ഒടുവിൽ കുട്ടിയുടെ അടുത്തേക്ക് അച്ഛൻ എത്തുന്നതും ഇരുവരും സന്തോഷത്തോടെ മടങ്ങുന്നതാണ് വിഡിയോയിലുള്ളത്. എന്നാൽ, വിഡിയോയിലെ വിവരങ്ങൾ ഭാഗികമായി മാത്രം പറഞ്ഞാണ് സംഘ്പരിവാർ പ്രൊഫൈലുകൾ കേരളത്തിനെതിരെയും സംസ്ഥാന സർക്കാറിനെതിരെയും വ്യാപക വ്യാജ പ്രചാരണം നടത്തുന്നത്.

അതേസമയം, ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥ ഇ​ല്ലെന്നും സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ മണ്ഡല കാലത്ത് കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് അനിയന്ത്രിതമായാൽ നിയന്ത്രണങ്ങൾക്കപ്പുറത്തെ അപകടങ്ങൾക്ക് കാരണമാകും. അത് മുന്നിൽ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീർഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്.

കഴിഞ്ഞ മണ്ഡല കാലത്തിന്റെ ആദ്യ നാളുകളിൽ ശരാശരി 62,000 പേരായിരുന്നുവെങ്കിൽ ഇത്തവണ ഡിസംബർ 6 മുതലുള്ള 4 ദിവസങ്ങളിൽ തന്നെ തീർത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വർധിച്ചു. ചെന്നൈയിലെ പ്രളയം, തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആദ്യനാളുകളിൽ വരാൻ കഴിയാതിരുന്നവരും ഇപ്പോൾ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കി, ദർശനസമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു.

സ്പോട്ട് ബുക്കിങ് വഴി ഏതാണ്ട് ഇരുപതിനായിരം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. പുല്ലുമേട് കാനനപാതയിലൂടെ ശരാശരി അയ്യായിരം പേർ വന്നു. എല്ലാം ചേർത്ത് ഒരു ദിവസം 1,20,000 ത്തിലധികം തീർത്ഥാടകർ എത്തുകയാണ്. പൊതു അവധി ദിവസങ്ങളിൽ തിരക്ക് വല്ലാതെ വർധിച്ചു. ഇതിന്റെ ഫലമായി ശബരിമലയിൽ എത്തിച്ചേരാൻ കൂടുതൽ സമയം വേണ്ടിവരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഇതാണ് അവിടെ സംഭവിച്ചത്.

പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേർക്കാണ് സാധാരണ നിലയിൽ ദർശനം സാധ്യമാവുക. വയോജനങ്ങൾക്കും കുട്ടികൾക്കും പ്രായമായ സ്ത്രീകൾക്കും പടികയറാൻ അല്പം സമയം കൂടുതൽ വേണം. ഇത് മനസ്സിലാക്കിയാണ് വെർച്ച്വൽ ക്യു വഴിയുള്ള ദർശനം 80,000 ആയി ചുരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    
News Summary - Sangh Parivar spread false propaganda about Sabarimala; Muhammad Zubair came out with the truth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.