സ്ഥാനക്കയറ്റ വിവാദം; സുകേശന് അന്വേഷണം കൈമാറരുതെന്ന് ശങ്കര്‍ റെഡ്ഡിയുടെ കത്ത്

തിരുവനന്തപുരം: തന്‍െറ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കേസ് തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിന് കൈമാറരുതെന്ന് ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന് കത്തുനല്‍കി. വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥനാണ് എസ്.ഐ.യു ഒന്ന് എസ്.പി ആര്‍. സുകേശനെന്നും അദ്ദേഹത്തിന് കേസ് കൈമാറിയാല്‍ അട്ടിമറിക്കപ്പെടുമെന്നും റെഡ്ഡി കത്തില്‍ പറയുന്നു. അതേസമയം, റെഡ്ഡിയുടെ ആവശ്യം ജേക്കബ് തോമസ് നിരാകരിക്കുമെന്നാണ് സൂചന. എന്നാലിതിനെക്കുറിച്ച് ഒൗദ്യോഗികപ്രതികരണം നടത്താന്‍ അദ്ദേഹം തയാറായില്ല. 1986 ബാച്ച് കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് റെഡ്ഡി. ഇദ്ദേഹമുള്‍പ്പെടെ നാല് എ.ഡി.ജി.പിമാര്‍ക്ക് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. 1985 ബാച്ചിലെ മൂന്ന് ഡി.ജി.പിമാര്‍ അപ്രധാന തസ്തികകളില്‍ തുടരുമ്പോള്‍ അവരെ ഒഴിവാക്കി റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ കൊണ്ടുവരുകയും ചെയ്തു.
കെ.എം മാണി, കെ. ബാബു എന്നിവര്‍ക്കെതിരായ ബാര്‍ കോഴക്കേസുകള്‍ അട്ടിമറിക്കാനാണ് റെഡ്ഡിയെ ഡി.ജി.പിയാക്കിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. യു.ഡി.എഫുകാര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ നടന്ന നീക്കങ്ങള്‍ അന്വേഷിക്കണമെന്ന് കാട്ടി പൊതുപ്രവര്‍ത്തകന്‍ പായ്ചിറ നവാസ് വിജിലന്‍സ് കോടതിയെ സമീപിക്കുകയും ചെയ്തു. പരാതി ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജേക്കബ് തോമസ് സുകേശന് അന്വേഷണം കൈമാറുകയും ചെയ്തു. ഇതനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് റെഡ്ഡി ഇപ്പോള്‍ കത്തുനല്‍കിയത്. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്‍െറ അന്തിമറിപ്പോര്‍ട്ട് റെഡ്ഡിയാണ് തയാറാക്കിയതെന്ന സുകേശന്‍െറ മൊഴി കഴിഞ്ഞദിവസം കോടതിയില്‍ എത്തിയിരുന്നു. സുകേശനില്‍നിന്ന് അന്വേഷണച്ചുമതല മാറ്റിയാല്‍ പരാതിക്കാരന്‍ കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

Tags:    
News Summary - sankar reddy-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.