കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ കാമ്പസ് ഡയറക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മലയാള വിഭാഗം അസി. പ്രഫ. ഡോ. എ.എസ്. പ്രതീഷിനെയാണ് എം.എ മലയാള വിഭാഗം വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്. ഓണാഘോഷത്തിനിടെ കയറിപ്പിടിക്കാൻ ശ്രമിച്ചതായിട്ടാണ് പരാതി.
ആറ് മാസം മുമ്പ് കാലടി സെന്‍ററിൽ പഠിപ്പിക്കുന്നതിനിടെ അശ്ലീലച്ചുവയുള്ള കഥകൾ പറഞ്ഞുവെന്ന കുട്ടികളുടെ പരാതിയിൽ ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയ അധ്യാപകനാണ് ഡോ. എ.എസ്. പ്രതീഷ്. മലയാള വിഭാഗം പ്രഫസറായ ഡോ. എസ്. പ്രിയക്കാണ് കാമ്പസ് ഡയറക്ടറുടെ ചുമതല നൽകിയിരിക്കുന്നത് സർവകലാശാല രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ഡോ. എ.എസ്. പ്രതീഷ് കാമ്പസിൽ പ്രവേശിക്കുകയോ പരാതിക്കാരിയായ വിദ്യാർഥിനിയുമായി ഏതെങ്കിലും വിധത്തിലുള്ള സമ്പർക്കത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് കർശനമായി വിലക്ക് ഏർപ്പെടുത്തിയതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
മുമ്പും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഈ അധ്യാപകനെതിരെ വിദ്യാർഥികൾ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, മലയാളം വകുപ്പ് അധ്യക്ഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 25നാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ഒന്നിലധികം തവണ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ക്ലാസിൽ നടത്തുകയും പരാമർശം അസഹനീയമായപ്പോൾ വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, വിദ്യാർഥികളുടെ എതിർപ്പ് ഗൗനിക്കാതെ അധ്യാപനം തുടരുകയാണ് ചെയ്തത്. ക്ലാസിൽ ഭൂരിപക്ഷം വരുന്ന വിദ്യാർഥിനികളോട് 'നിങ്ങളിൽ എത്ര പേർ കന്യകമാരാണെന്ന്' ചോദിക്കുകയും 'കന്യകമാരായവർ കൈ ഉയർത്താൻ' ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. അധ്യാപകന്‍റെ പരാമർശത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചില വിദ്യാർഥികൾ അന്ന് ക്ലാസ് ബഹിഷ്കരിക്കുകയും ചെയ്തു.
2021 ഏപ്രിൽ 24ന് വിദ്യാർഥി ഇമെയ്‍ൽ നൽകിയ പരാതി 30ന് ഓൺലൈനിൽ ചേർന്ന ഡിപ്പാർട്ട്മെന്‍റ് കൗൺസിൽ വിശദമായി ചർച്ച ചെയ്തതായി വകുപ്പ് അധ്യക്ഷ ഡോ. വി. ലിസ്സി മാത്യു പരാതിക്കാരനെ അന്ന് രേഖാമൂലം അറിയിച്ചിരുന്നു. അധ്യാപകനെ അന്നത്തെ യോഗത്തിൽ വിളിച്ച് വിശദീകരണം ചോദിക്കുകയും വിഷയത്തിന്‍റെ ഗുരുതര സ്വഭാവം അറിയിക്കുകയും ചെയ്തു.
കുറ്റം അംഗീകരിച്ച അധ്യാപകൻ ഡിപ്പാർട്ട്മെന്‍റിനോടും വിദ്യാർഥികളോടും മാപ്പ് പറയുകയും ചെയ്തു. കൂടാതെ ഉചിതമായ നടപടി സ്വീകരിക്കാൻ വി.സിയോട് രേഖാമൂലം ആവശ്യപ്പെട്ടതായും വകുപ്പ് അധ്യക്ഷ പരാതിക്കാരായ വിദ്യാർഥികളെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.