മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യം -സുരേഷ് ഗോപിക്കെതിരെ സാറ ജോസഫ്

കോഴിക്കോട്: നടനും എം.എൽ.എയുമായി മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണമുയർന്നതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി സാറ ജോസഫ്. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണെന്ന് സാറ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. ജനപ്രതിനിധികൾ മാധ്യമ പ്രവർത്തകരെ തടയുന്നത് എന്തധികാരത്തിലാണെന്നും അവർ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം:

ജനപ്രതിനിധികൾ മാധ്യമ പ്രവർത്തകരെ തടയുന്നത് എന്തധികാരത്തിലാണ്?

ജനാധിപത്യസംവിധാനത്തിൽ ജനപ്രതിനിധികൾക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങൾക്കുള്ളത്. ജനങ്ങൾക്കു വേണ്ടി സംസാരിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. അതിനാൽ അവർക്ക് ചോദ്യങ്ങൾ ചോദിയ്ക്കേണ്ടിവരും. അതൊരു നിരന്തരപ്രവർത്തനമാണ്.

മാധ്യമങ്ങൾ നിങ്ങൾക്കുപിന്നാലെയുണ്ട് എന്നതിനർത്ഥം ജനങ്ങൾ നിങ്ങൾക്കുപിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികൾ കരുതിയിരിയ്ക്കണം.

അതിനാൽ മാധ്യമങ്ങൾ സ്തുതി പാടണമെന്ന് വിശ്വസിച്ചാൽ നടക്കില്ല. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിയ്ക്കുന്നതിനു തുല്യമാണ്. ജനപ്രതിനിധികൾക്ക് കൊമ്പും തേറ്റയുമല്ല,വാലാണ് വേണ്ടത്.അവർ ജനസേവകരെന്നാണ് ഭരണഘടന സങ്കല്പിച്ചിട്ടുള്ളത്.

Tags:    
News Summary - sara joseph against suresh gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.