തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ സംഭവങ്ങളുടെ തനിയാവർത്തനമായി മാറുകയാണ് ഇക്കുറിയും. അന്ന് സോളാർ കേസ് പ്രതി സരിത നായരുടെ കത്തായിരുന്നു ആയുധമെങ്കിൽ ഇക്കുറി സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയാണ് സർക്കാറിനെ വെട്ടിലാക്കുന്നത്. മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരായ വെളിപ്പെടുത്തലുണ്ടെന്ന നിലയിൽ കസ്റ്റംസ് അവതരിപ്പിച്ച സത്യവാങ്മൂലം സർക്കാറിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാനകാലം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിരോധത്തിലാക്കിയത് സരിതയുടെ ജയിലിൽ നിന്നുള്ള കത്തായിരുന്നു. അത് ആയുധമാക്കിയുള്ള പ്രചാരണമായിരുന്നു എൽ.ഡി.എഫിേൻറത്. സമാനമായ സാഹചര്യമാണ് ഇപ്പോൾ ഉരുത്തിരിഞ്ഞുവരുന്നത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസിന് പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കെ, ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ് പ്രതിപക്ഷത്തിന് ഉൗർജം പകരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇതാകും ഇനിയും പ്രധാന വിഷയം എന്ന സൂചനയാണ് ലഭിക്കുന്നത്. സ്വപ്നക്ക് ജയിലില്‍ ഭീഷണിയുണ്ടെന്നും കസ്റ്റംസ് ആരോപിക്കുന്നു. ഇതോടെ, രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനൊപ്പം വകുപ്പിെൻറ വീഴ്ചയും സർക്കാറിന് വിശദീകരിക്കേണ്ടിവരും.
അന്വേഷണ ഏജന്‍സികളെ ആയുധമാക്കി ബി.ജെ.പി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നെന്നും അതിന് കോൺഗ്രസ് കൂട്ടുനിൽക്കുന്നെന്നുമുള്ള പ്രതികരണം സി.പി.എമ്മിൽനിന്ന് ഉയർന്നുകഴിഞ്ഞു. എന്നാൽ, സോളാർ പ്രതിയുടെ കത്ത് പോലെയല്ല സ്വപ്ന നൽകിയ രഹസ്യമൊഴിയെന്നതും ശ്രദ്ധേയമാണ്. മാറ്റിപ്പറയാൻ കഴിയാത്ത നിലയിലാണ് മൊഴി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) പോലും കൈമാറാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതാണ് കസ്റ്റംസിെൻറ ഇൗ മൊഴിയും. അതിനാൽ തന്നെ ഇൗ മൊഴി കൃത്രിമമായി തയാറാക്കിയതാണെന്ന് വിശദീകരിക്കാൻ ഭരണമുന്നണിക്ക് വിയർക്കേണ്ടിയും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.