തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിനെതിരെ നടത്തിയ പരാമർശം ഖേദപ്രകടനത്തോടെ പിൻവലിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നിയമസഭയിലെ ബജറ്റ് ചർച്ചയിലും മറുപടിയിലുമായിരുന്നു ചൂടേറിയ വാദപ്രതിവാദം.
കഴിഞ്ഞദിവസം ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകവെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ പ്രതിപക്ഷനേതാവ് പ്രതികരിച്ച് കണ്ടില്ലെന്നും പകരം കശ്മീരിലെ മഞ്ഞിൽ നിൽക്കുന്ന ഫോട്ടോ മാത്രമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും മന്ത്രി പരാമർശിച്ചിരുന്നു. കേന്ദ്ര ബജറ്റിനെതിരെയുള്ള തന്റെ പ്രതികരണം എല്ലാ മാധ്യമങ്ങളിലും വന്നെന്നും അത് മന്ത്രി കണ്ടില്ലേയെന്നും ബജറ്റ് ചർച്ചയിൽ സതീശൻ ചോദിച്ചു. ചെയറിലിരുന്ന ആളാണ് ഇപ്പോൾ താഴെ ഇരിക്കുന്നത്. അതിലും താഴെയാകരുതെന്ന നിലയിലുള്ള പരാമർശവും അദ്ദേഹം നടത്തി.
ഇതിനെ ചോദ്യംചെയ്ത് എം.ബി. രാജേഷ് രംഗത്തെത്തി. ചെയറിലിരുന്ന് താൻ എന്തോ മോശം കാര്യം ചെയ്തെന്ന നിലയിലാണ് പരാമർശമെന്നും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് ചെയറും ഉറപ്പുനൽകി. മന്ത്രിക്കെതിരായ പരാമർശത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നെന്നും പരാമർശം പിൻവലിച്ചെന്നും കുറച്ചുസമയത്തിന് ശേഷം സതീശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.