കൊടകര കള്ളപ്പണക്കേസില്‍ പൊലീസിന് നൽകിയത് നേതാക്കൾ പറഞ്ഞു തന്ന മൊഴിയെന്ന് സതീഷ്

തൃശൂര്‍: കൊടകര കള്ളപ്പണ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബി.ജെ.പി തൃശൂർ മുൻ ഓഫിസ് സെക്രട്ടറി സതീഷ് തിരൂർ. കൊടകര കള്ളപ്പണക്കേസില്‍ പൊലീസിന് നൽകിയത് നേതാക്കൾ പറഞ്ഞു തന്ന മൊഴിയാണ്. ജില്ലാ ഓഫിസില്‍ ചുമതലയുണ്ടായപ്പോള്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ന് പൊലീസില്‍ മൊഴി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ നടത്തിയ വെളിപ്പെടുത്തലിലാണ് നേതൃത്വം മറുപടി നല്‍കേണ്ടത്. പണം കൊണ്ടുവന്ന സമയത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും ഓഫിസിലുണ്ടായിരുന്നില്ലെന്നും സതീഷ് പറഞ്ഞു.

ഞാനുന്നയിച്ച കാര്യം പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് സമയത്ത് പണം ഓഫീസില്‍ വന്നുവെന്നാണ്. അതിനാണ് മറുപടി നല്‍കേണ്ടത്. പണം കൊണ്ടുവന്ന സമയത്ത് അനീഷ് അവിടെയുണ്ടായെന്ന് പറഞ്ഞിട്ടില്ല. കേസിലെ മുഖ്യപ്രതി ധര്‍മരാജന്‍ ഓഫിസില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനുമുണ്ടായിരുന്നു. ചാക്കിലുള്ളത് തെരഞ്ഞെടുപ്പിന് ആവശ്യമുള്ള മെറ്റീരിയല്‍സാണെന്നാണ് തന്നോട് നേതാക്കള്‍ പറഞ്ഞതെന്നും ചാക്ക് തുറക്കുമ്പോഴാണ് പണമാണെന്ന് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങളോളം ചാക്ക് കെട്ട് സൂക്ഷിച്ചിരുന്നു. താനും ധര്‍മരാജനും തലച്ചുമടായാണ് ചാക്ക് കെട്ട് മുകള്‍ നിലയിലേക്ക് എത്തിച്ചതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. പണം വരുന്നതിന് രണ്ടാഴ്ച മുമ്പാണ് ധര്‍മരാജന്‍ ഓഫീസിലെത്തിയതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

തന്നെ ആരും ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയതല്ലെന്നും തനിയെ ഇറങ്ങിയതാണെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് സതീഷിനെ നടപടിയെടുത്ത് പുറത്താക്കിയതാണെന്ന്അനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിന് മറുപടി നല്‍കുകയായിരുന്നു സതീഷ്. 28 വര്‍ഷമായി ഇതിന് വേണ്ടി പണിയെടുത്തു. ബി.ജെപി.യില്‍ ഒരാളെ പുറത്താക്കാന്‍ വേണ്ടി ജില്ലാ പ്രസിഡന്റിന് അധികാരമില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ഭാര്യയും ഞാനും ജോലി ചെയ്തായിരുന്നു കുടുംബം മുന്നോട്ട് പോയത്. എനിക്ക് ബി.ജെ.പി തന്നു കൊണ്ടിരുന്നത് 15,000 രൂപയാണ്.

5000 രൂപ കൂടുതല്‍ തരുമോയെന്ന് ജില്ലാ പ്രസിഡന്റിനോട് ചോദിച്ചു. വേണമെങ്കില്‍ 1000 രൂപ കൂട്ടി തരാമെന്നും പറഞ്ഞു. മെയ് മാസത്തില്‍ ബി.ജെ.പിയില്‍ നിന്ന് ഒഴിയുകയായിരുന്നുവെന്ന് തിരൂര്‍ സതീഷ് പറഞ്ഞു.

വന്ന കോടിക്കണക്കിന് പണത്തിന് കാവല്‍ നിന്നയാളാണ് താനെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - Satish said that the statement given to the police in the Kodakara black money case was given by the leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.