തിരുവനന്തപുരം: 220 അധ്യയനദിനം തികക്കാൻ 25 ശനിയാഴ്ച പ്രവൃത്തിദിനമാക്കി വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ച നടപടിക്കെതിരെ അധ്യാപക സംഘടനകൾ സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് മന്ത്രി വിളിച്ച ചർച്ച പരാജയം. അധികമായി ഉൾപ്പെടുത്തിയ 25 ശനിയാഴ്ചകളിൽ ആദ്യത്തേതായ ഇന്ന് കൂട്ട അവധിയെടുക്കാൻ അധ്യാപക സംഘടനകൾ തീരുമാനിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രി വെള്ളിയാഴ്ച അടിയന്തര യോഗം വിളിച്ചത്. 220 അധ്യയനദിനം നടപ്പാക്കണമെന്നത് ഹൈകോടതി വിധിയാണെന്നും മാറ്റം സാധ്യമല്ലെന്നുമാണ് മന്ത്രി നിലപാടെടുത്തത്. 220 ദിവസം തികച്ചുള്ള വിദ്യാഭ്യാസ കലണ്ടറിൽനിന്ന് പിന്മാറാൻ തയാറല്ലെന്നും അധ്യാപക സംഘടനകൾക്ക് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
അധ്യയനസമയം സംബന്ധിച്ച വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥക്ക് വിരുദ്ധമായാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയതെന്ന ആക്ഷേപം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. എന്നാൽ 220 അധ്യയനദിനം ആവശ്യപ്പെട്ടുള്ള കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അധ്യാപക സംഘടനകളുമായി കൂടിയാലോചിക്കാതെ വിദ്യാഭ്യാസ വകുപ്പ് സ്വന്തം നിലക്ക് തീരുമാനമെടുക്കുകയായിരുന്നെന്നും സംഘടന ഭാരവാഹികൾ ആരോപിച്ചു.
കൂട്ട അവധി സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ ഒഴികെയുള്ള സംഘടനകളും അറിയിച്ചു. സർക്കാർ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ലയും പറഞ്ഞു. 220 അധ്യയനദിനം ആവശ്യപ്പെട്ടുള്ള ഹൈകോടതി കേസ് വിദ്യാഭ്യാസ വകുപ്പ് രഹസ്യമാക്കിവെച്ചെന്നും കക്ഷി ചേരാൻ അവസരം നിഷേധിച്ചെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ പറഞ്ഞു. പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാഭ്യാസ മേഖല കലുഷിതമാക്കരുതെന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ആവശ്യപ്പെട്ടു.
അധിക ശനിയാഴ്ചകൾ ഉൾപ്പെടുത്തിയതിനെതിരെ വ്യാഴാഴ്ച വരെ നിലപാടെടുത്ത കെ.എസ്.ടി.എ മന്ത്രി വിളിച്ച യോഗത്തിൽ നിലപാട് മാറ്റിയതായി കെ.പി.എസ്.ടി.എയും കെ.എസ്.ടി.യുവും കുറ്റപ്പെടുത്തി. കൂട്ട അവധിയെടുത്തുള്ള സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എം. നജീബ് കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസും യോഗത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം. 220 അധ്യയനദിനം തികക്കാൻ അധികമായി ഉൾപ്പെടുത്തിയതിൽ ആദ്യ ശനിയാഴ്ചയാണ് ഇന്ന്. ശനിയാഴ്ച നടത്താനിരുന്ന അധ്യാപക ക്ലസ്റ്റർ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സമഗ്ര ശിക്ഷ കേരളം ഡയറക്ടർ അറിയിച്ചു.
ശനിയാഴ്ച പ്രവൃത്തിദിനമായ ആഴ്ചയിൽ പൊതുഅവധിദിനം ഉണ്ടെങ്കിൽ ആ അവധി ദിനത്തിലെ ടൈംടേബിൾ പ്രകാരമായിരിക്കും പ്രവർത്തിക്കേണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു. ആറ് പ്രവൃത്തിദിനം വരുന്ന ആഴ്ചകളിൽ ആദ്യത്തേതിൽ തിങ്കൾ, രണ്ടാമത്തേതിൽ ചൊവ്വ എന്ന ക്രമത്തിൽ ടൈംടേബിൾ നിശ്ചയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.