കാസർകോട്: അപൂര്‍വയിനം നെൽ വിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ സത്യനാരായണ ബലേരിക്ക് പത്മശ്രീ. 30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തെയും വിദേശത്തെയും 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണ സംരക്ഷിച്ചത്. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ബലേരി നിവാസിയായ അദ്ദേഹം സ്വന്തം മണ്ണില്‍ പ്രകൃതിദത്ത വനം സൃഷ്ടിച്ച് കേരള വനം വകുപ്പിന്റെ വനമിത്ര അവാര്‍ഡ് ഉള്‍പ്പെടെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പ്ലാന്റ് ജീനോമിന് സേവ്യര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
പാരമ്പര്യമായി ലഭിച്ച ഒരേക്കര്‍ സ്ഥലം സ്വാഭാവിക വനമായി സംരക്ഷിച്ചു. നെല്ലിന് പുറമെ നിരവധി മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഔഷധസസ്യങ്ങള്‍ നിറഞ്ഞ കാട് സൃഷ്ടിക്കുകയും വിവിധ പക്ഷികളുടെയും ചെറുജീവികളുടെയും ആവാസകേന്ദ്രമാക്കുകയും ചെയ്തു.
രണ്ടിനം വിത്തുകളുമായി 15 വര്‍ഷം മുമ്പാണ് സത്യനാരായണയുടെ നെല്ലിനങ്ങളോടുള്ള ഇഷ്ടം തുടങ്ങുന്നത്. 20 ദിവസം വെള്ളത്തില്‍ മുങ്ങിക്കിടന്നാലും ചീയാത്ത ഏടിക്കൂണിയും വരണ്ട മണ്ണിലും പൊന്‍കതിര്‍ വിളയുന്ന വെള്ളത്തൊവനും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
കേരളത്തിലെയും കര്‍ണാടകയിലെയും കാര്‍ഷിക വിദ്യാര്‍ഥികളും ഗവേഷകരും സത്യനാരായണയുടെ വിത്തുലാബിലെ സ്ഥിരം സന്ദര്‍ശകരാണ്. ബലേരിയിലെ പരേതനായ കുഞ്ഞിരാമന്‍ മണിയാണിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: നവ്യശ്രീ, ഗ്രീഷ്മ, അഭിനവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.