നരബലികേസിലെ പ്രതി ഭഗവൽസിങിന് സൗദി നേരത്തേ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു

പത്തനംതിട്ട: കേരളത്തെ നടുക്കിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന പത്തനംതിട്ട ഇലന്തൂരിലെ ഇരട്ടനരബലി സംഭവം. കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്‌നാട്‌ സ്വദേശി പത്മം (56), കാലടിയിൽ വാടകക്ക്‌ താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. എറണാകുളം ഗാന്ധിനഗർ ഇ.ഡബ്ല്യു.എസ് നോർത്ത് എൻഡ് ബ്ലോക്കിൽ വാടകക്ക്‌ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി മുഹമ്മദ്‌ ഷാഫി (റഷീദ്‌- 52), ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70), ഭാര്യ ലൈല (61) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മൃതദേഹാവശിഷ്‌ടങ്ങൾ ഭഗവൽസിങിന്റെ വീട്ടുവളപ്പിൽനിന്ന്‌ ചൊവ്വാഴ്‌ച കുഴിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. പ്രതിയായ ഭഗവൽസിങിനെ കുറിച്ച് പുറത്തുവരുന്ന ചില വാർത്തകളാണ് ഇപ്പോൾ വിചിത്രമായി തോന്നുന്നത്.

അച്ഛൻ വാസുവൈദ്യർക്ക് ഭഗത് സിങിനോടുള്ള ആരാധനയാണ് മകന് ഭഗവൽ സിങ് എന്ന പേരിലേക്ക് എത്തിച്ചത്. ഭഗവൽ സിങ് ഒരിക്കൽ വിദേശത്ത് പോകാൻ ശ്രമിച്ചതാണെങ്കിലും പേരിലെ അവ്യക്തത കാരണം വിസ കിട്ടിയില്ല. സിങ് എന്ന് പേരുള്ളവർക്ക് സൗദി അറേബ്യയിൽ വിസ നിഷേധിച്ച കാലത്തായിരുന്നു സംഭവം. ഭഗവൽ സിങിനെ സൗദി വിദേശകാര്യ മന്ത്രാലയം യഥാർഥ സിഖുമത വിശ്വാസിയായ സിങാണെന്ന് തെറ്റിദ്ധരിച്ചത്രെ. പിന്നീടാണ് ഇയാൾ പിതാവിന്‍റെ വഴിയേ വൈദ്യമേഖലയിലേക്ക് കടന്നത്. ഇലന്തൂർ സർക്കാർ സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബവുമായിരുന്നില്ല. വീടിന് സമീപത്തെ സ്ഥലങ്ങളെല്ലാം സഹോദരങ്ങളുടേതാണ്. പിതാവ് അറിയപ്പെടുന്ന ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമായിരുന്നു. നിരവധി ഭൂസ്വത്തുക്കൾ വിറ്റിട്ടുണ്ട്. രണ്ടാം ഭാര്യ ലൈലയും നാട്ടുകാർക്കിടയിൽ പരിചിതയാണ്. ആദ്യ ഭാര്യ വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചനം നേടി.

Tags:    
News Summary - Saudi Arabia had earlier imposed a travel ban on Bhagaval singh, the accused in the human sacrifice case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.