കരിപ്പൂർ: കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുെട സർവിസ് പുനരാരംഭിക്കുന്നതിനായി സൗദി എയർലൈൻസ് ബുക്കിങ് ആരംഭിച്ചു. ഡിസംബർ അഞ്ച് മുതലാണ് സർവിസുകൾ തുടങ്ങുന്നത്. അതേസമയം, ആദ്യ ദിവസങ്ങളിൽ ടിക്കറ്റിന് ഉയർന്ന നിരക്കാണ് ഇൗടാക്കുന്നത്.
ജിദ്ദ-കോഴിക്കോട് 50,015, കോഴിക്കോട്-ജിദ്ദ 31,149, റിയാദ്-കോഴിക്കോട് 54,530, കോഴിക്കോട്-റിയാദ് 32,147 എന്നിങ്ങനെയാണ് ആദ്യദിവസങ്ങളിലെ ടിക്കറ്റ് നിരക്കുകൾ. കൊച്ചിയിലെ രണ്ട് സർവിസുകളിലൊന്നാണ് കരിപ്പൂരിലേക്ക് മാറ്റുന്നത്. ഇതിനാൽ ആദ്യദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാൻ പ്രയാസമായിരിക്കും. നാല് സർവിസുകൾ ജിദ്ദയിലേക്കും മൂന്ന് സർവിസുകൾ റിയാദിലേക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്.
തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് ജിദ്ദ സർവിസ്. റിയാദിലേക്ക് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലും. ജിദ്ദയിൽ നിന്ന് പുലർച്ച 3.15ന് പുറപ്പെടുന്ന വിമാനം രാവിലെ 11.10ന് കരിപ്പൂരിലെത്തും.
തിരിച്ച് ഉച്ചക്ക് 1.10ന് പുറപ്പെട്ട് വൈകീട്ട് 4.40നാണ് ജിദ്ദയിലെത്തുക. റിയാദിൽ നിന്ന് പുലർച്ച 4.05ന് പുറപ്പെട്ട് രാവിലെ 10.50ന് കരിപ്പൂരിലെത്തും. തിരിച്ച് ഉച്ചക്ക് 1.10ന് പുറപ്പെട്ട് റിയാദിൽ 3.45നാണെത്തുക. 2015 ഏപ്രിൽ 30ന് ശേഷം ആദ്യമായാണ് കരിപ്പൂരിൽ കോഡ് ഇയിൽ ഉൾപ്പെടുന്ന വലിയ വിമാനങ്ങൾ വീണ്ടും സർവിസ് നടത്തുന്നത്.
വലിയ വിമാനങ്ങളുടെ വരവ്: ജനകീയ സമര വിജയമെന്ന്
കോഴിക്കോട്: ഡിസംബര്‍ അഞ്ചുമുതല്‍ കരിപ്പൂരിൽനിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചും വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നത് എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ജനകീയ സമരങ്ങള്‍ ഫലം കണ്ടതിെൻറ ശുഭസൂചനയാണെന്ന് സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
മലബാര്‍ െഡവലപ്മെൻറ് ഫോറം (എം.ഡി.എഫ്) സേവ് കരിപ്പൂര്‍ സമരങ്ങൾ നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളം പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.