താനൂർ: കാമുകിക്കൊപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തുകയും പിന്നീട് ഒന്നിച്ചുജീവിക്കുന്നതിനിടെ കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ഒഴൂർ ഓമച്ചപ്പുഴ കൊളത്തൂർ ബഷീറിന്റെ (44) മരണം ജയിൽവാസത്തിനിടെ. മത്സ്യത്തൊഴിലാളിയും കാമുകി സൗജത്തിന്റെ ഭർത്താവുമായിരുന്ന താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ 2018ലാണ് ബഷീറും സൗജത്തും ചേർന്ന് കൊലപ്പെടുത്തിയത്. കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലക്കടിക്കുകയും പിന്നീട് കഴുത്തുമുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ഗൾഫിലായിരുന്ന ബഷീർ കൃത്യം നടത്താൻ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തിരിച്ചു പോകുകയും ചെയ്തു. എന്നാൽ, പൊലീസ് അന്വേഷണം ഊർജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗൾഫിൽ ഇയാൾക്കെതിരെ പ്രചാരണം ശക്തമാവുകയും ചെയ്തതോടെ പിടിച്ചുനിൽക്കാനാകാതെ നാട്ടിൽ തിരിച്ചെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
സൗജത്തും കേസിൽ പ്രതിയായിരുന്നു. റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും പുളിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരവെ 2022 നവംബർ 30നാണ് സൗജത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നും പ്രതി ബഷീറാണെന്നും കണ്ടെത്തി. എന്നാൽ, ഇതിനിടെ കോട്ടക്കലിൽ ബഷീറിനെ വിഷംകഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചികിത്സക്കുശേഷം ഡിസംബർ 14നാണ് റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് 16ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി ഫെബ്രുവരിയിലാണ് തിരിച്ച് മഞ്ചേരി ജയിലിൽ എത്തിച്ചത്. തുടർന്ന് ഓരോ മാസവും മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് കൊണ്ടുപോകാറുണ്ട്.
പെരിന്തൽമണ്ണ ആർ.ഡി.ഒ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.