സവർക്കർക്ക് സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ല; ഗവർണർക്ക് മറുപടിയുമായി എം.വി ഗോവിന്ദൻ

സവർക്കർക്ക് സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ല; ഗവർണർക്ക് മറുപടിയുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സവർക്കർക്ക് സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലെന്നും ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാജ്യത്തിനായി ത്യാഗം ചെയ്തയാളാണ് സവർക്കറെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

‘ബ്രിട്ടീഷ് സാമ്രാജ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് ആന്തമാൻ നികോബാർ ദ്വീപിൽനിന്ന് രക്ഷപ്പെട്ടുപോയ ഒരാളാണ് സവർക്കർ. അതും ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ സൗജന്യത്തിൽ. അതുകൊണ്ട് ദേശീയ സ്വതന്ത്ര്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അതിന്‍റെ ഏറ്റവും പ്രമുഖനാണ് എന്ന് പറയുന്നതിൽ യാതൊരു കാര്യവുമില്ല’ -ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിന് താൻ മറുപടി പറയില്ലെന്ന് നിങ്ങൾക്ക് അറിയില്ലേ എന്നായിരുന്നു പ്രതികരണം.

അത് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞാൽ അത് നാളത്തെ പത്രത്തിൽ വാർത്തയാക്കാൻ അല്ലേ എന്നും അദ്ദേഹം ചോദിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറിനെ വിമർശിച്ച് ഗവർണർ, സവർക്കർ എന്നാണ് രാജ്യത്തിന്റെ ശത്രുവായി മാറിയതെന്നും ചോദിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ.

“പുറത്ത് സ്ഥാപിച്ച ഒരു ബാനർ ഞാനിപ്പോൾ വായിച്ചു. ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, സവർക്കറെയല്ല എന്ന് അതിൽ എഴുതിയിരിക്കുന്നു. സവർക്കർ ഈ രാജ്യത്തിന്റെ ശത്രുവായിരുന്നോ? ചാൻസലർ ഇവിടെയുണ്ട്. ചാൻസലറോട് നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യൂ. എന്നാൽ, സവർക്കർ എന്തു മോശം കാര്യമാണ് ചെയ്തത്? സ്വന്തം കുടുംബത്തെപ്പോലും മറന്ന് മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിച്ചയാളാണ് അദ്ദേഹം. ഞാൻ ഇത്തരത്തിൽ സംസാരിക്കണമെന്ന് കരുതിയതല്ല, പക്ഷേ ബാനർ എന്നെ അതിനു നിർബന്ധിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ല’’ -ഗവർണർ പറഞ്ഞു. സവർക്കർ ചെയ്ത‌ കാര്യങ്ങൾ ശരിയായി പഠിക്കാതെയാണ് ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത്. വിദ്യാർഥികൾക്ക് ശരിയായ അറിവോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ല. വൈസ് ചാൻസലർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സർവകലാശാല സന്ദർശനവേളയിലാണ് എസ്.എഫ്.ഐ ഈ ബാനർ സ്ഥാപിച്ചത്. ശനിയാഴ്ചത്തെ ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർഥി സംഘടനകളുടെയും ബാനറുകളും കാമ്പസിൽനിന്ന് എടുത്തുമാറ്റാൻ വി.സി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. നിർദേശമനുസരിച്ച് ബാനറുകൾ എടുത്തുമാറ്റാൻ വന്ന സർവകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരെ എസ്.എഫ്.ഐ തടയുകയായിരുന്നു.

Tags:    
News Summary - Savarkar has no connection with the freedom struggle -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.