ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽനിന്നും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ഉയരുന്നത് ശക്തമായ പ്രതിഷേധം.
ലക്ഷദ്വീപിലെ അതിക്രമങ്ങൾക്കെതിരെ കേരള നിയമസഭ െഎകകണ്ഠ്യേന പ്രമേയം പാസാക്കണമെന്ന് മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമായ കെ. അഹമ്മദ് കുട്ടി മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും ആവശ്യപ്പെട്ടു. സാംസ്കാരിക അധിനിവേശമാണ് ദ്വീപിലെ ജനങ്ങൾക്കുമേൽ നടപ്പാക്കുന്നത്. ജനങ്ങളുടെ ഭീതിയകറ്റാൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കുട്ടി അഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.
ലക്ഷദ്വീപിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിനുവേണ്ടി ജനത്തെ ദ്രോഹിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചു വിളിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. തീർത്തും വംശീയ അജണ്ടയാണ് അവിടെ നടപ്പാക്കുന്നത്. മദ്യനിരോധനം നിലവിലുള്ള ലക്ഷദ്വീപിൽ ബാർ ലൈസൻസ് നൽകിയും ബീഫും രണ്ടു കുഞ്ഞുങ്ങളിൽ അധികമുള്ളവർ തദ്ദേശ തെരത്തെടുപ്പിൽ മത്സരിക്കുന്നതും വിലക്കിയും ലക്ഷദ്വീപിൻെറ സംസ്കാരവും സ്വൈര ജീവിതവും തകർക്കാനാണ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങൾ തീരെ കുറഞ്ഞ ദ്വീപിൽ ഗുണ്ടാ നിയമം നടപ്പാക്കി പ്രതിഷേധങ്ങളെ നേരിടാനും ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുമുളള നീക്കത്തെ ചെറുക്കണമെന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. അവർഗീയമായും പരസ്പര ഐക്യത്തിലും ജീവിക്കുന്ന ദ്വീപുനിവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് ഭരണാധികാരികൾക്കുള്ളത്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ജമാഅത്ത് അമീർ പറഞ്ഞു.
ലക്ഷദ്വീപിൻെറ സാംസ്കാരിക പാരമ്പര്യവും പൈതൃകവും തകർക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കം അപകടകരമാണെന്നും അതുതടയാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നും കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു.
അഭിനേതാക്കളായ പൃഥ്വിരാജ്, സണ്ണി വെയിൻ, റിമ കല്ലിങ്ങൽ, ആൻറണി വർഗീസ്, ഗീതു മോഹൻദാസ്, വീണ നായർ, ഷെബിൻ ബെൻസൺ, ഫുട്ബാൾ താരം സി.കെ. വിനീത്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ തുടങ്ങി നിരവധി പ്രമുഖർ ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി രംഗത്തെത്തി. ലക്ഷദ്വീപിനെ രക്ഷിക്കുക എന്ന ഹാഷ്ടാഗോടെ 'ഞാൻ എെൻറ സഹോദരീസഹോദരന്മാർക്കൊപ്പം' എന്നാണ് സണ്ണി വെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്. ദ്വീപുകാര്‍ക്ക് പടച്ചവെൻറ മനസ്സാണ്, അവിടുത്തെ സംസ്കാരത്തെ തകർക്കരുതെന്ന് ബാദുഷയും വ്യക്തമാക്കി. പുതിയ അഡ്മിനിസ്ട്രേറ്ററുടെ അനാവശ്യ ഭരണപരിഷ്കാരങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞുകൊണ്ടാണ് സി.കെ. വിനീതിെൻറ ഫേസ്ബുക്ക് പോസ്റ്റ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ജനജീവിതത്തെ തടസ്സപ്പെടുത്തുന്നതും ഉപജീവന മാര്‍ഗത്തെയും സ്വത്വത്തെ തന്നെയും ഇല്ലാതാക്കുന്നതുമായ ഇടപെടലുകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു.
ലക്ഷദ്വീപ് ജനതക്ക് കേരള പ്രവാസി സംഘം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രസിഡൻറ് പി.ടി. കുഞ്ഞുമുഹമ്മദും ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറും പറഞ്ഞു. ദ്വീപ് ജനതയെ വേട്ടയാടാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകൾ പ്രതിഷേധാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ഐ.എൻ.എൽ പ്രതിഷേധ കാമ്പയിൻ ആരംഭിച്ചു. കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരും വിഷയത്തിൽ ഒറ്റക്കെട്ടാകണമെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഐ.എൻ.എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് ജനതയുടെ സാംസ്കാരിക തനിമ തകർക്കാനും പൗരാവകാശങ്ങൾ ഹനിക്കാനും അശാസ്ത്രീയ നിര്‍മാണങ്ങള്‍ക്കും ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു ജനതയെ ഭരണകൂടം ഉപരോധത്തിൽ ആക്കുന്നതിനെതിരെ ജനാധിപത്യ പ്രതിഷേധത്തിന് മതേതര കക്ഷികള്‍ ഒരുമിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് പ്രസ്താവിച്ചു. ദ്വീപ് നിവാസികളുടെ ദുരിതം നേരിട്ടറിയാനും പ്രശ്ന പരിഹാരത്തിനുമായി സര്‍വ കക്ഷി പ്രതിനിധി സംഘം ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു.
ലക്ഷദ്വീപുകാരുടെ ജീവിതത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു. അതേസമയം, മതസ്പർധ പടർത്തുന്ന പരാമർശങ്ങളുമായി കേരളത്തിലെ സംഘ്പരിവാർ അനുകൂലികളും സമൂഹമാധ്യമങ്ങളിൽ എത്തി. ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി എത്തിയ സെലിബ്രിറ്റികളുടെ പോസ്റ്റിനുകീഴിൽ വിദ്വേഷ പരാമർശങ്ങളുമായാണ് ഇക്കൂട്ടർ സജീവമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.