കോഴിക്കോട്: യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന് നന്ദിയുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗിനെ വർഗീയ പാർട്ടി എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ലെന്നും മാർകൂറിലോസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ കുറിപ്പ് വായിച്ചപ്പോഴുണ്ടായ സന്തോഷം ചെറുതല്ലെന്നും കേരളത്തിന്റെ വളർച്ചയിൽ നിർണായക സാന്നിധ്യമറിയിച്ച പാർട്ടിയാണ് ലീഗെന്നും അത് ഇവിടുത്തെ ജനതക്കറിയാമെന്നും സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക് പോസ്റ്റ്:
ഈ കുറിപ്പ് വയിച്ചപ്പോഴുണ്ടായ സന്തോഷം ചെറുതല്ല. വിശ്വാസ, രാഷ്ട്രീയ വൈജാത്യങ്ങൾക്കപ്പുറത്ത് എല്ലാവരോടും മാന്യമായി ഇടപെട്ടുള്ള പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്ത്. അത് ബോധ്യമുള്ള ഒരു ജനത ഈ നാട്ടിലുള്ള കാലത്തോളം ലീഗിനെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്താനാവുമെന്നത് വ്യാമോഹം മാത്രമാണ്.
എല്ലാകാലത്തും കേരളത്തിന്റെ വളർച്ചയിൽ നിർണായക സാന്നിധ്യമറിയിച്ച പാർട്ടിയാണ് ലീഗ്. അത് ഇവിടുത്തെ ജനതക്കറിയാം. സി.പി.എം, വിശിഷ്യാ അവരുടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടി മാത്രം ലീഗിനെ ചേർത്തുവെച്ച് വർഗ്ഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തിയപ്പോൾ വ്യക്തിപരമായും അതിയായ ദുഃഖമുണ്ടായി. നമുക്ക് ശേഷവും ഇവിടെ കേരളവും അതിന്റെ സാഹോദര്യ മനോഹാരിതയും നിലനിൽക്കേണ്ടതുണ്ട്. ഇത്തരം പരാമർശങ്ങൾ വഴി സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ലാഭം കൊയ്യാമെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. അതിനു പറ്റിയ വിളനിലമാവില്ല കേരളം എന്നതിന് തെളിവാണ്, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അവർകളുടെ മുകളിലെ വാക്കുകൾ. ഈ കരുതലിനു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പും അതിന്റെ അലയൊലികളും ഇന്നോ നാളെയോ കഴിഞ്ഞേക്കാം. പക്ഷേ അത് കഴിഞ്ഞും ഈ നാട്ടിൽ സൗഹൃദം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത പൊതുപ്രവർത്തകരായ നമുക്കെല്ലാവർക്കുമുണ്ട്. പരസ്പരം രാഷ്ട്രീയമായി എതിരിടാം, ഒരു ജനതയെന്ന നിലയിൽ നമുക്ക് കൈകോർത്തുതന്നെ മുന്നോട്ടുപോവാം. നന്മകൾ നേരട്ടെ.!
മാർകൂറിലോസിന്‍റെ ഫേസ്ബുക് പോസ്റ്റ്:
പറയാതെ വയ്യ
തെരഞ്ഞെടുപ്പുകൾ വരും പോകും, ജയവും തോൽവിയും മാറി മറിയാം. പക്ഷെ വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്ഫോടനത്‌മകമായ സന്ദര്ഭങ്ങളിൽ പോലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നതും മുസ്ലിം -ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.