കൽപറ്റ: കൽപറ്റ നഗരസഭ 1.42 കോടി മുടക്കിയ പട്ടികജാതി വനിത ഹോസ്റ്റലും ട്രെയിനിങ് സെന്ററും കാടുകയറി നാശത്തിന്റെ വക്കിൽ. നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം ഉപയോഗപ്പെടുത്താതായതോടെ കെട്ടിടവും പരിസരവും പ്രാദേശവാസികളുടെ ആടുമാടുകളെ കെട്ടുന്നതിനും മറ്റുമായി ഉപയോഗിക്കുകയാണ്. ഒറ്റപ്പെട്ട പ്രദേശമായതിനാൽ ലഹരി മാഫിയ സംഘങ്ങളും ഇവിടം കേന്ദ്രീകരിക്കുന്നു.
നഗരസഭ 12ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങിയ പദ്ധതിയാണ് എസ്.സി വനിത ഹോസ്റ്റൽ നിർമാണം. ഒന്നാം ഘട്ടത്തിൽ 41,26,040 രൂപ മുതൽ മുടക്കി ഇടതു ബ്ലോക്ക്, സെല്ലാർ ഭാഗം ഗ്രൗണ്ട് നില, അടുക്കള ഭാഗം എന്നിവയുടെ പ്രവൃത്തി 2013ൽ നടത്തി.
രണ്ടാംഘട്ടത്തിൽ 39,74,679 ലക്ഷം മുടക്കി ഇടഭിത്തികൾ, ജനലുകൾ, സ്റ്റെയർ സ്റ്റാമ്പ്, പ്രവേശന ഭാഗം എന്നിവ നിർമിച്ചു. 2018 ൽ 3,97,071 രൂപ മുടക്കി തെക്കുഭാഗത്ത് ചുറ്റുമതിൽ നിർമിക്കാത്ത ഭാഗത്ത് ചെയിൻ ലിങ്ക് ഫെൻസിങ്, പോർച്ചിനോടു ചേർന്ന് സംരക്ഷണ ഭിത്തി, പിറകുവശത്ത് ഗേറ്റ്, കെട്ടിടത്തിന്റെ മുൻവശത്തുള്ള റോഡിൽ കല്ലുപതിപ്പിക്കൽ എന്നിവ നടപ്പാക്കി. തുടർന്ന് അഞ്ചാം ഘട്ടമായി 25,56,636 രൂപ മുടക്കി ഒന്നാംനില കോൺക്രീറ്റ് തൂൺ വാർത്ത് ചുമർകെട്ടി വാതിലുകളുടെയും ജനലുകളുടെയും നിർമാണ പ്രവർത്തനവും പൂർത്തിയാക്കി.
മൂന്നുനില കെട്ടിടം 2018 മാർച്ചിൽ നിർമാണം പൂർത്തിയാക്കിയപ്പോൾ നഗരസഭ ആകെ ചെലവഴിച്ചത് 1,42,38,779 രൂപയാണ്. നഗരമധ്യത്തിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ അകലെ ഗുഡല്ലായ്കുന്നിൽ പണി കഴിപ്പിച്ചിരിക്കുന്ന ഈ സ്ഥലത്തേക്കു എത്തിപ്പെടുക ശ്രമകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.