ആലപ്പുഴ: കുട്ടനാട്ടിെല മാത്തൂര്‍ ദേവസ്വത്തിെൻറ 34 ഏക്കര്‍ ഭൂമി മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന് ദേവസ്വം അധികൃതർ. ജില്ല കലക്ടർ ടി.വി. അനുപമക്ക് നൽകിയ 365 പേജുള്ള പരാതിക്കൊപ്പം കൈയേറ്റം തെളിയിക്കുന്ന 77 രേഖകളും കൈമാറിയിട്ടുണ്ടെന്ന് പവർ ഓഫ് അറ്റോണിയും ദേവസ്വം ബോർഡ് പ്രസിഡൻറുമായ അമൃതകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ വീടിെൻറ തൊട്ടടുത്ത ദേവസ്വം ഭൂമി യഥാർഥ ഉടമക്ക് തിരിച്ചുകൊടുക്കാൻ ഇടപെടണമെന്നാണ് പരാതിയിലെ ആവശ്യം.
വീടിന് നേരെ മുന്നിലുള്ള ഭൂമിയുടെ ടൂറിസം സാധ്യത മുന്നില്‍ക്കണ്ടാണ് കൈവശംവെച്ചിരിക്കുന്നതെന്നും ലാന്‍ഡ് ട്രൈബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നത് അധികാരം ഉപയോഗിച്ചാണെന്നും ദേവസ്വം ആരോപിക്കുന്നു. പമ്പയുടെ മറുകരയിലുള്ള ദേവസ്വം ഭൂമി പോള്‍ ഫ്രാന്‍സിസ് എന്നയാളാണ് ആദ്യം വ്യാജ പട്ടയം ഉണ്ടാക്കി സ്വന്തമാക്കിയത്. പിന്നീട് വെറും ഏഴുലക്ഷം രൂപക്ക് തോമസ് ചാണ്ടി ഇയാളിൽനിന്ന് ഇത് വാങ്ങി.
ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലാന്‍ഡ് ൈട്രബ്യൂണല്‍ അപ്പലറ്റ് കോടതിയെ ദേവസ്വം സമീപിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ അപ്പലറ്റ് കോടതി ഭൂമി ഇടപാട് റദ്ദാക്കി. പിന്നീട് ഹൈകോടതിയും ഈ ഉത്തരവ് ശരിവെച്ചു. നാല് മാസത്തിനകം ഭൂമി യഥാർഥ ഉടമക്ക് തിരിച്ചുകൊടുക്കണമെന്ന് ഹൈകോടതി 2014 സെപ്റ്റംബറില്‍ ലാന്‍ഡ് ൈട്രബ്യൂണലിന് നിർദേശം നല്‍കുകയും ചെയ്തു. എന്നാല്‍, ഓരോരോ കാരണം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പര്‍ച്ചേസ് ഓര്‍ഡര്‍ കോടതി അസാധുവാക്കിയതോടെ ഭൂമി വിറ്റയാൾ തോമസ് ചാണ്ടിക്ക് നല്കിയ തീറാധാരം ഫലത്തിൽ റദ്ദായി.
തന്നെ വഞ്ചിച്ച ഫ്രാന്‍സിസിനെതിരെ ക്രിമിനല്‍ കേസ് കൊടുക്കുന്നതിനു പകരം പ്രതിവര്‍ഷം പത്തുലക്ഷത്തിലേറെ രൂപയുടെ വരുമാനമുള്ള ഭൂമി വിട്ടുകൊടുക്കാതിരിക്കാനാണ് തോമസ് ചാണ്ടി ശ്രമിച്ചതെന്ന് ദേവസ്വം അധികൃതർ ആേരാപിക്കുന്നു. ഇൗ സാഹചര്യത്തിലാണ് കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കൈയേറ്റത്തിന് ഒത്താശ ചെയ്ത മന്ത്രിക്കെതിരെ രാമങ്കരി കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും അമൃതകുമാർ പറഞ്ഞു. 1998 മുതൽ തങ്ങൾ പരാതി നൽകുകയാണെങ്കിലും നീതി ലഭിച്ചില്ല. പുതിയ കലക്ടർക്ക് നൽകിയ പരാതിയിൽ വിശ്വാസമുണ്ട്. പലപ്പോഴും കൈയേറ്റം സംബന്ധിച്ച് തെളിവ് നൽകിയിട്ടും ഉദ്യോഗസ്ഥർ പരാതികൾ മുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.