കുന്ദമംഗലം അർബൻ സൊസൈറ്റിയിലെ തട്ടിപ്പ്: ഓണക്കാലത്തും നിക്ഷേപകർ ദുരിതത്തിൽ

കുന്ദമംഗലം: വിവാദമായ കുന്ദമംഗലം അർബൻ കോഓപറേറ്റിവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിന് ഇരയായവർ പണം തിരിച്ചുകിട്ടാതെ ഓണക്കാലത്തും ദുരിതത്തിൽ. മൂന്നു വർഷത്തിലേറെയായി സൊസൈറ്റിയിൽനിന്ന് മുതലും പലിശയും ലഭിക്കാതെ നിരവധി നിക്ഷേപകർ വലയുന്നതായി ആക്ഷൻ കമ്മിറ്റി പറയുന്നു. 2002ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി നിക്ഷേപകരുടെ 6.64 കോടി രൂപ തിരിച്ചുനൽകാനുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഇരുനൂറിലേറെ പേരുടേതാണ് ഇത്രയും വലിയ തുക. ആദ്യഘട്ടത്തിൽ ലാഭത്തിലായിരുന്ന സഹകരണ സംഘം ചില ക്രമക്കേടുകളെ തുടർന്ന് നഷ്ടത്തിലേക്ക് നീങ്ങി. പിന്നീട് നിക്ഷേപം പോലും തിരിച്ചുനൽകാനാകാത്തവിധം കൂപ്പുകുത്തുകയായിരുന്നു.

സർവിസിൽനിന്ന് വിരമിക്കുന്നവർ, വസ്തു വിൽക്കുന്നവർ തുടങ്ങിയവരെ വീട്ടിൽ പോയി കണ്ട് അമിത പലിശയടക്കം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. നഷ്ടത്തിലായ സ്ഥാപനം ലാഭത്തിലാണെന്ന് സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിനെക്കൊണ്ട് റിപ്പോർട്ട് എഴുതിച്ച് ഇത് കാണിച്ചാണ് പണം സമാഹരിച്ചതെന്നാണ് പണം നഷ്ടമായവർ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നത്. സെക്രട്ടറി ഒരു ജീവനക്കാരിയെ ഇടനിലക്കാരിയാക്കി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പിന്നീട് ജീവനക്കാരി അറസ്റ്റിലായി.

ഇവർ മുഖേന മാത്രം 1.17 കോടിയുടെ ക്രമക്കേടും പിന്നീട് 1.24 കോടിയുടെ ക്രമക്കേടും നടന്നതായി പറയുന്നു. ജീവനക്കാരും ഡയറക്ടർമാരും അർഹതയില്ലാത്തവർക്ക് വായ്‌പ നൽകിയും മറ്റുള്ളവരുടെ പേരിൽ വായ്പയെടുത്തും ഈട് നൽകുന്ന വസ്തുവിന് അമിതവില കാണിച്ചും തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം വേറെയുമുണ്ട്. അമിത പലിശ വാഗ്ദാനം നൽകി ബന്ധപ്പെട്ടവർ വീടുകളിൽ എത്തിയതോടെയാണ് പലരും നിക്ഷേപം നൽകിയത്.

സംഘത്തെ കുറിച്ച് 200 പേജുള്ള അന്വേഷണ റിപ്പോർട്ടാണ് സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിന്റെ നേതൃത്വത്തിൽ അസി. രജിസ്ട്രാർ തയാറാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാർക്കും ഡയറക്ടർമാർക്കുമെതിരായ നിയമനനടപടി തുടരുകയാണെന്ന് 17 ലക്ഷത്തോളം രൂപ കുടുങ്ങിക്കിടക്കുന്ന ആക്ഷൻ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ മാസ്റ്റർ കാരന്തൂർ പറഞ്ഞു. നിലവിൽ പണം ആവശ്യപ്പെടുന്നവരോട് അവധി മാറ്റിമാറ്റി പറയുകയാണ്. പണം തിരിച്ചുലഭിക്കാത്ത നിക്ഷേപകർ സഹകരണ സംഘത്തിന്റെ ആർബിട്രേഷനെ സമീപിച്ചതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുകയാണ്.

ഇത്രയും ക്രമക്കേട് നടന്ന സ്ഥാപനം മേൽഘടകമായ ജില്ല ജോയന്റ് രജിസ്ട്രാർ ഓഫിസിന്റെ സഹായത്തോടെയാണ് സൊസൈറ്റിയിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തതെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. വിശ്വാസവഞ്ചനക്കെതിരെ നിക്ഷേപകർ പൊലീസിൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ബോർഡ് അംഗങ്ങളും സെക്രട്ടറിയും ജാമ്യത്തിൽ ഇറങ്ങിയിരുന്നു. നിക്ഷേപകരുടെ തുക തിരിച്ചുകൊടുക്കാൻ ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. വോട്ടർ പട്ടിക പ്രകാരം 2608 പേർ ഉണ്ടെന്നും എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 104 പേർ മാത്രമാണ് വോട്ട് ചെയ്തതെന്നും ഇത് വീണ്ടും വെട്ടിപ്പിന് അവസരം ഒരുക്കാൻ വേണ്ടിയാണെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു.

അതേസമയം, സഹകരണ സംഘത്തിന് മൂന്നേകാൽ കോടിയിലധികം രൂപ അംഗങ്ങളിൽനിന്ന് തിരിച്ചുകിട്ടാനുണ്ടെന്ന് പ്രസിഡന്റ് പി. ഷൗക്കത്തലി പറഞ്ഞു. ഏതാണ്ട് ഇത്രതന്നെ തുകയാണ് നിക്ഷേപകർക്ക് നൽകാനുള്ളത്. പ്രതിസന്ധി പരിഹരിക്കാനുള്ള കഠിനശ്രമത്തിലാണ് ഭരണസമിതി. ഇതിന്റെ ഭാഗമായി പലർക്കും പണം തിരിച്ചുനൽകിയിട്ടുണ്ട്. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Scam in Kundamangalam Urban Society: Investors are in trouble during Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.