തിരുവനന്തപുരം: വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസ് പാരമ്പര്യം കാത്ത് സ്കറിയ തോമസ്, ആർ. ബാലകൃഷ്ണ പിള്ള വിഭാഗങ്ങൾ ലയിക്കും മുേമ്പ വഴിപിരിഞ്ഞു. ഇടതുമുന്നണി വികസന ചർച്ച 26ന് ആരംഭിക്കാനിരിക്കെയാണ് ലയനം പ്രഖ്യാപിക്കാനിരുന്ന വാർത്തസമ്മേളനം ഇരുവിഭാഗവും റദ്ദാക്കിയത്. തിങ്കളാഴ്ച കൊല്ലത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചക്ക് 24 മണിക്കൂർ ആയുസ്സുണ്ടായില്ല.
പാർട്ടി ചെയർമാൻ സ്ഥാനം ആർക്ക്, ഏത് പാർട്ടി ആരിൽ ലയിക്കണമെന്ന ഉടക്കാണ് വിനയായത്. ഇരു വിഭാഗവും പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. സ്കറിയ തോമസ് വിഭാഗം കേരള കോൺഗ്രസ്(ബി)യിൽ ലയിക്കണം, ചെയർമാൻ സ്ഥാനം വേണം എന്ന നിലപാട് ബാലകൃഷ്ണ പിള്ള സ്വീകരിച്ചു. മുന്നണി ഘടകകക്ഷിയായ സ്കറിയ തോമസ് വിഭാഗം പുറത്തുള്ള പാർട്ടിയിൽ ലയിക്കുന്നതിലെ അഭംഗി പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായം വന്നതോടെയാണ് വാർത്തസമ്മേളനത്തിൽനിന്ന് പിന്മാറിയത്.
ലയനത്തിന് താൽപര്യം പ്രകടിപ്പിച്ചത് ബാലകൃഷ്ണ പിള്ളയായിരുെന്നന്നാണ് സ്കറിയ തോമസ് വിഭാഗത്തിെൻറ വാദം. യോജിപ്പായതിനാൽ അനുകൂലിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് അറിയാനാണ് പിള്ളയുമൊത്ത് അദ്ദേഹത്തെ കണ്ടത്. നല്ല കാര്യം, ആലോചിച്ച് ചെയ്യൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിന്നീടാണ് ഇരു വിഭാഗവും ആശയക്കുഴപ്പത്തിലായത്.
ചൊവ്വാഴ്ച രാവിലെ സ്കറിയ തോമസിനെ തിരുവനന്തപുരത്തെ ഒാഫിസിൽ താൻ കാത്തിരുെന്നങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചെന്ന് ബാലകൃഷ്ണ പിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ കേരള കോൺഗ്രസും ഒന്നിച്ച് ഇടതുമുന്നണിയിൽ വരണമെന്നതാണ് ആഗ്രഹമെന്ന് സ്കറിയ തോമസും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.