കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. സാമുദായിക ധ്രുവീകരണമെന്ന ആയുധം പുറത്തെടുത്ത് സി.പി.എം പ്രത്യാക്രമണത്തിന് മുതിരുേമ്പാഴും നിലപാടിൽ ഉറച്ചുനിന്ന് ശക്തമായ പ്രതിഷേധം ഉയർത്താനാണ് നേതൃത്വത്തിെൻറ തീരുമാനം. ഇക്കാര്യത്തിൽ കോൺഗ്രസ് എന്തു നിലപാട് സ്വീകരിച്ചാലും നിയമസഭക്കകത്തും പോരാട്ടത്തിന് തയാറെടുക്കുകയാണ് പാർട്ടി. സാമുദായിക വിഷയങ്ങളിൽ അഴകൊഴമ്പൻ നിലപാട് സ്വീകരിച്ചതാണ് നിയസമഭ തെരഞ്ഞെടുപ്പിലടക്കം ക്ഷീണമുണ്ടാക്കിയതെന്ന വിമർശനം മുഖവിലക്കെടുത്ത നിലപാടാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ പാർട്ടി സ്വീകരിക്കുക.
പാലോളി കമ്മിറ്റി റിപ്പോർട്ടിൽ വെള്ളം ചേർത്ത് 80ഃ20 അനുപാതം കൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാറാണെങ്കിലും സാമുദായിക ധ്രുവീകരണം ഭയന്ന് യു.ഡി.എഫ് ഭരണകാലത്ത് ഇക്കാര്യം പുനഃപരിശോധിക്കാതിരുന്നതിെൻറ പരിണതിയാണ് കോടതി വിധിയും തുടർന്നുണ്ടായ സർക്കാർ നടപടികളുമെന്ന് ലീഗ് നേതൃത്വം രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ക്രിസ്ത്യൻ സമുദായത്തിെൻറ പ്രതിഷേധം ചൂണ്ടിക്കാട്ടി അന്ന് കോൺഗ്രസ് അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോൾ ലീഗ് നേതൃത്വം വഴങ്ങുകയായിരുന്നു. എന്നാൽ, പല സാമുദായിക വിഷയങ്ങളിലും സ്വീകരിച്ച ഇത്തരം 'കരുതലാ'ണ് പാർട്ടിക്ക് വിനയായതെന്ന അണികളുടെ വിമർശനം മുഖവിലക്കെടുത്താണ് നേതൃത്വത്തിെൻറ പുതിയ നീക്കം. സ്കോളർഷിപ് സംവിധാനം അട്ടിമറിച്ചുള്ള ജനസംഖ്യാനുപാത പ്രഖ്യാപനം സ്വാഗതം ചെയ്തുള്ള പ്രതിപക്ഷ നേതാവിെൻറ പ്രഖ്യാപനം വന്നയുടൻ ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് ലീഗ് നേതൃത്വം രംഗത്തുവന്നത് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ്.
പ്രതിഷേധത്തിന് മത സംഘടനകളെ കാത്തിരിക്കുന്നില്ലെന്നും രാഷ്ട്രീയപരമായി വിഷയം ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നുമാണ് നേതൃത്വം നൽകുന്ന സന്ദേശം. അതേസമയം, സാമുദായിക ധ്രുവീകരണമുണ്ടാക്കി മുതലെടുക്കാനുള്ള ചിലരുടെ ശ്രമങ്ങളിൽ ജാഗ്രത പാലിക്കും. തെരഞ്ഞെടുപ്പിലേറ്റ കനത്ത ക്ഷീണം മാറ്റാൻ ഈ നിലപാടിലൂടെ സാധിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. എന്നാൽ, ശക്തമായ വിമർശനത്തിലൂടെ നേതൃത്വത്തിെൻറ കണ്ണ് തുറപ്പിച്ചതാണ് നിലപാട് മാറ്റത്തിന് കാരണമെന്ന് പാർട്ടിക്കകത്തെ വിമർശകർ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.