തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കലോത്സവം രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും എസ് എം വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ ജില്ലകളിൽ നിന്നും ഓൺലൈനായി ഏകദേശം 700 ഓളം രജിസ്‌ട്രേഷനുകൾ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപ്പീലുകൾ പരിഗണിക്കുമ്പോൾ എണ്ണം ഇനിയും കൂടുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂൾ കലോത്സവ നടത്തിപ്പിന്റെ ക്രമീകരണങ്ങളുടെ ചുമതല വോളന്റിയർമാരെ ഏൽപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സന്നദ്ധ സേവകരുടെ മികച്ച പ്രവർത്തനം ആവശ്യമാണ്. എൻ.എസ്.എസ്, എൻ.സി.സി ഉൾപ്പടെ 5,000 ത്തോളം വോളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഇത്തവണ എല്ലാ വോളന്റിയർമാർക്കും വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിന്റെ തയാറെടുപ്പുകളെല്ലാം പൂർത്തിയായിട്ടുണ്ട്. വസന്തോത്സവത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരം സ്‌കൂൾ കലോത്സവം പ്രമാണിച്ച് ജനുവരി എട്ട് വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ തിരുവന്തപുരം ജില്ലയിലെ വിദ്യാർഥികൾക്ക് രജിസ്‌ട്രേഷൻ കിറ്റ് നൽകി മന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.