ഉപരാഷ്ട്രപതി ഭരണഘടനയെ മറക്കരുത്- ബിനോയ് വിശ്വം

തിരുവനന്തപുരം: സനാതനധർമ്മം ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമാണെന്ന് സ്ഥാപിക്കാനുള്ള ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ ഇടപെടലുകൾ ഭരണഘടനയുടെ മൗലികസത്തയ്ക്ക് വിരുദ്ധമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗവും സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം. ഇതുവഴി രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങൾക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്ന ചാതുർവർണ്യ വ്യവസ്ഥയെ വെള്ളപൂശാനുള്ള സംഘ്പരിവാർ രാഷ്ട്രീയത്തെ മറകൂടാതെ ന്യായീകരിക്കുകയാണ് ഉപരാഷ്ട്രപതി.

ഉന്നതമായ ഭരണഘടനാ പദവികൾ വഹിക്കുന്നവർ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ തടവുകാരായി മാറുന്നത് ദൗർഭാഗ്യകരമാണ്. ക്രൂരമായ ജാതി വിവേചനത്തിന്റെ കാവൽക്കാരാണ് ഇന്ന് സനാതനികൾ എന്ന് സ്വയം വിളിക്കപ്പെടാൻ ജാഗ്രത കൊള്ളുന്നവർ. ഉപരാഷ്ട്രപതിയെപ്പോലെ ഒരാൾ അത്തരക്കാരുടെ വക്കാലത്തുമായി രംഗത്തുവരുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും നേർക്കുള്ള വെല്ലുവിളിയാണ്.

ഭരണപക്ഷരാഷ്ട്രീയത്തിലെ മുൻനിര കളിക്കാരെക്കാൾ വാശിയോടെ രാഷ്ട്രീയം കളിക്കുമ്പോൾ ധൻകർ ജി താൻ പദവി ഏറ്റെടുത്തുകൊണ്ട് നടത്തിയ സത്യപ്രതിജ്ഞയെ പോലും മറക്കുകയാണ്. "ഒരു രാജ്യം ഒരു മതം ഒരു നേതാവ് "എന്ന വാദം ഉന്നയിച്ചവർ തന്നെയാണ് സനാതന ധർമ്മത്തിന് ചാതുർവർണ്യ തലപ്പാവ് അണിയിക്കാൻ ശ്രമിക്കുന്നത്.

"ചാതുർവർണ്യം മയാ സൃഷ്ടം "എന്ന് സ്ഥാപിക്കാനുള്ള അത്തരക്കാരുടെ നീക്കം മതന്യൂനപക്ഷങ്ങളെ ഒന്നാകെ എന്നതുപോലെ ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തെയും ഭയചകിതരാക്കുന്നു. ഈ യാഥാർഥ്യം കണക്കിലെടുത്ത് തന്റെ നിലപാട് തിരുത്താൻ ഉപരാഷ്ട്രപതി തയാറാകണമെന്ന് ബിനോയ് വിശ്വം അഭ്യർഥിച്ചു.

Tags:    
News Summary - Vice President Don't forget the constitution- Binoy Vishwam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.