കൊട്ടിയം: വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലുള്ള മതിലിൽ ഇടിച്ചുമറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളൊഴികെ 19 പേരും പ്രഥമ ശുശ്രൂഷകൾക്കുശേഷം ആശുപത്രി വിട്ടു. ബുധനാഴ്ച രാവിലെ എട്ടരയോടെ മൈലാപ്പൂര്-ഉമയനല്ലൂർ റോഡിൽ കല്ലുകുഴിയിലായിരുന്നു സംഭവം. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലേക്ക് കുട്ടികളുമായി വരുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്.
ഉമയനല്ലൂർ ഭാഗത്തേക്ക് വരവെ കല്ലുകുഴിയിൽ വച്ച് ഇടറോഡിൽ നിന്ന് ഒരു കാർ റോഡിലേക്ക് കയറുന്നതു കണ്ട് ബസ് ഡ്രൈവർ ബസ് വെട്ടിത്തിരിച്ചപ്പോൾ അടുത്തുള്ള മതിലിലേക്ക് ബസ് ഇടിച്ച ശേഷം മറിയുകയായിരുന്നു. അപകട ശബ്ദവും കുട്ടികളുടെ നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ബസിന്റെ ഗ്ലാസ് തകർത്ത് പരിക്കേറ്റ കുട്ടികളെ പുറത്തെടുത്ത് മേവറത്തെ ട്രാവൻകൂർ മെഡിക്കൽ കോളജ് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാളൊഴികെ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. അതിനാൽ അവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മിനി ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം എസ്.ഐ സുജിത്ത് നായർ, കുന്നത്തൂർ ജോയന്റ് ആർ.ടി.ഒ ശരത്ചന്ദ്രൻ എന്നിവർ അപകടത്തിൽപ്പെട്ട മിനി ബസിന്റെ ഡ്രൈവറിൽ നിന്ന് വിവരശേഖരണം നടത്തി. അമിതവേം തന്നെയാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടികളുണ്ടാകും. അപകടവിവരമറിഞ്ഞ് കുട്ടികളുടെ രക്ഷാകർത്താക്കളും സ്കൂൾ അധികൃതരും ആശുപത്രിയിലും സംഭവസ്ഥലത്തുമെത്തി. സംഭവത്തെ തുടർന്ന് മൈലാപ്പൂര് - ഉമയനല്ലൂർ റോഡിൽ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. അഭിനന്ദ, വൈശാഖ്, മൻജേഷ്, പൂജ, സുഭാന, സേറാജോൺ, നൗറിൻ, ദക്ഷണ, മനീഷ്, നന്ദന, ഹന്ന, ഫറാഹത്ത്, സമീർ, അശ്വതി ജയൻ, മുഹമ്മദ് അനസ്, ശിവപ്രിയ, ആദവ്, സനസ് സിയാദ്, കൈലാസ്, അജയ് അനിൽ എന്നീ കുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.