തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തി ബാഹ്യവിലയിരുത്തൽ സംവിധാനം നടപ്പാക്കുന്നു. അക്കാദമിക് മോണിറ്ററിങ് എന്ന് പേരിട്ട പദ്ധതി പ്രകാരമാണ് സ്കൂളിന് പുറത്തുള്ളവരെ ഉൾപ്പെടുത്തിയുള്ള അധ്യയന നിരീക്ഷണ സമ്പ്രദായം നടപ്പാക്കുന്നത്. നിലവിൽ സ്കൂളുകളിലെ അധ്യയനപരിപാടികളിൽ പുറമെ നിന്നുള്ളവർക്ക് ഇടപെടാൻ സംവിധാനമില്ല.
സ്കൂൾതലത്തിലുള്ള സ്വയം വിലയിരുത്തലിനുപുറമെയാണ് ബാഹ്യവിലയിരുത്തൽ വരുന്നത്. വിലയിരുത്തലിൽ പങ്കാളികളാക്കേണ്ട വിദഗ്ധർ ആരെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുമില്ല. ‘വിദഗ്ധരുടെ’ മറവിൽ സ്കൂൾ അധ്യയനാന്തരീക്ഷത്തിലേക്ക് പുറമെനിന്നുള്ളവരെ കടത്തിവിടുന്നത് പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് അധ്യാപകരിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ബാഹ്യതല മോണിറ്ററിങ് സ്കൂളിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെയോ അന്തരീക്ഷത്തെയോ ബാധിക്കാത്ത വിധം സൗഹാർദപരമായി നടപ്പാക്കണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. നിരീക്ഷണത്തിനുശേഷം ഗുണാത്മക വിലയിരുത്തൽ തയാറാക്കി നൽകണം.
സ്കൂൾ വിദ്യാഭ്യാസത്തിൽ ഗുണനിലവാരവും സാമൂഹികനീതിയും ഉറപ്പാക്കാനെന്ന പേരിലാണ് അക്കാദമിക നിരീക്ഷണ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മുഴുവൻ ജില്ല, വിദ്യാഭ്യാസ ജില്ല, ഉപജില്ല തലങ്ങളിലും മോണിറ്ററിങ് ടീമിനെ തയാറാക്കും. രണ്ടുതരം വിലയിരുത്തലാണ് പദ്ധതിയിൽ നിർദേശിക്കുന്നത്; സ്കൂൾതല സ്വയം വിലയിരുത്തലും ബാഹ്യവിലയിരുത്തലും. സ്കൂൾ ഒരു യൂനിറ്റായി പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. സ്കൂൾതല വിലയിരുത്തൽ മൂന്നുതലങ്ങളിൽ നടത്തണം. ടീച്ചറുടെ സ്വയം വിലയിരുത്തൽ, സ്കൂൾ റിസോഴ്സ് ഗ്രൂപ് (എസ്.ആർ.ജി) നടത്തുന്ന വിലയിരുത്തൽ, പ്രധാനാധ്യാപിക ഏറ്റെടുത്ത് നടത്തുന്ന വിലയിരുത്തൽ എന്നിങ്ങനെയായിരിക്കും ഇത്.
അക്കാദമിക മോണിറ്ററിങ്ങിൽ കണ്ടെത്തിയതും വിശകലനം ചെയ്തതുമായ കാര്യങ്ങൾ ജില്ല/ ഉപജില്ല തല ഓഫിസർമാരുടെ യോഗങ്ങൾ, ഡയറ്റ് അധ്യാപകയോഗങ്ങൾ എന്നിവ ചർച്ച ചെയ്ത് പരിഹാരപ്രവർത്തനങ്ങൾ രൂപവത്കരിക്കണമെന്ന് മാർഗരേഖ നിർദേശിക്കുന്നു. ബാഹ്യതല മോണിറ്ററിങ് നടക്കുമ്പോൾ അംഗങ്ങൾക്ക് ചുമതല വിഭജിക്കണം. ബാഹ്യതല മോണിറ്ററിങ് സ്വയംവിലയിരുത്തലിന് പ്രേരണ നൽകുന്നതും തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നതുമാകണം.
സ്കൂൾതല നിരീക്ഷണത്തിന് ശേഷം എസ്.ആർ.ജി ചേർന്ന് കണ്ടെത്തലുകളും വിശകലനങ്ങളും അവതരിപ്പിക്കുകയും പരിഹാരനിർദേശങ്ങൾ രൂപവത്കരിക്കുകയും ചെയ്യണം. നിരീക്ഷണ റിപ്പോർട്ട് മേലോഫിസിലേക്ക് കൈമാറണം. ഹെഡ്മാസ്റ്റർ റിപ്പോർട്ട് എ.ഇ.ഒ/ഡി.ഇ.ഒമാർക്കും എ.ഇ.ഒ/ ഡി.ഇ.ഒ റിപ്പോർട്ട് ഡി.ഡി.ഇക്കും സമർപ്പിക്കണം. ഡി.ഡി.ഇ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് ഡി.ജി.ഇക്ക് സമർപ്പിക്കണം. ജില്ല/ വിദ്യാഭ്യാസ ജില്ലതല മോണിറ്ററിങ് ചുമതല ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ)/ ഡയറ്റ് പ്രിൻസിപ്പൽ/ ഡി.പി.സി/ ഡി.ഇ.ഒമാർ/ ഡയറ്റ് അധ്യാപകർ/ കൈറ്റ് കോഓഡിനേറ്റർ/ വിദ്യാകിരണം കോഓഡിനേറ്റർ/ ഹയർ സെക്കൻഡറി ജില്ലകോ ഓഡിനേറ്റർ എന്നിവർക്കായിരിക്കും.ഉപജില്ലതലത്തിൽ എ.ഇ.ഒ/ഡയറ്റ് ഫാക്കൽറ്റി/ ബി.പി.സി എന്നിവർക്കായിരിക്കും ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.