സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ട്: വി.ഡി സതീശനും രമേശ്‌ ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുന്നുവെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ്‌ ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന 12,038 സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശ്ശികയൊന്നും തന്നെ നിലവിൽ നൽകുവാനില്ല.

സ്കൂളുകൾക്ക്, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പദ്ധതി നടത്തിപ്പ് ചെലവിനുള്ള തുക പൂർണ്ണമായും സർക്കാർ നൽകിയിട്ടുണ്ട്. നടപ്പ് മാസത്തെ (ഒക്ടോബർ) ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും മറ്റും നവംബർ അഞ്ചിനകമാണ് സ്കൂളുകൾ അതത് ഉപജില്ലകാര്യാലയങ്ങൾക്ക് സമർപ്പിക്കേണ്ടത്. ഈ ബില്ലുകളും ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ച് നിർദിഷ്ട സമയപരിധിക്കുളിൽ തന്നെ അർഹമായ തുക സ്കൂളുകൾക്ക് അനുവദിക്കുന്നതാണ്.

ഉച്ചഭക്ഷണം പാചകം ചെയ്യുവാൻ സ്കൂളുകളിൽ നിയോഗിച്ചിട്ടുള്ള തൊഴിലാളികൾക്ക് ആഗസ്റ്റ് മാസം വരെയുള്ള വേതനം നൽകിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ വേതനം എത്രയും വേഗം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾ പ്രവർത്തിക്കാതിരുന്ന വേനലവധിക്കാലത്ത് പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 2000 രൂപ വീതം സമാശ്വാസവും ഓണത്തിന് 1300 രൂപ വീതം ഫെസ്റ്റിവൽ അലവൻസും സംസ്ഥാന സർക്കാർ നൽകുകയുണ്ടായി.

കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും സ്കൂൾ വെക്കേഷൻ കാലത്ത് ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന രീതി നിലവിലില്ല. മാത്രവുമല്ല, പാചകത്തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനം കൂടിയാണ് കേരളം. കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ ചേർത്ത് പ്രതിമാസം 1000 രൂപ മാത്രം വേതനം നൽകുവാനാണ് കേന്ദ്രമാർഗനിർദേശങ്ങളിൽ നിഷ്കർഷിക്കുന്നത്. എന്നാൽ ഒരു തൊഴിലാളിക്ക് പ്രതിമാസം 12000 രൂപ മുതൽ 13500 രൂപ വരെ സംസ്ഥാന സർക്കാർ വേതനം നൽകിവരുന്നു.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. നടത്തിപ്പ് ചെലവിന്റെ 60 ശതമാനം വഹിക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ, സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം സമയബന്ധിതമായി നൽകുന്നതിലും തുക പൂർണമായും അനുവദിക്കുന്നതിലും ഗുരുതരമായ അലംഭാവമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പദ്ധതിക്ക് നടപ്പ് വർഷം കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 284.31 കോടി രൂപയാണ്.

ചട്ടങ്ങൾ പ്രകാരം ഇത് 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ രണ്ട് ഗഡുക്കളായി അനുവദിക്കേണ്ടതാണ്. ഇത് പ്രകാരം, ആദ്യ ഗഡുവായി ലഭിക്കേണ്ടിയിരുന്നത് 170.59 കോടി രൂപയാണ്. ഈ തുക ലഭിച്ചിരുന്നെങ്കിൽ അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേർത്ത്‌ 268.48 കോടി രൂപ സ്കൂളുകൾക്കും മറ്റും അനുവദിക്കുവാനും നവംബർ 30 വരെ പദ്ധതി നടത്തിപ്പ് സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനും സാധിക്കുമായിരുന്നു.

എന്നാൽ, അനുവദിക്കേണ്ട 170.59 കോടി രൂപയുടെ സ്ഥാനത്ത് ആദ്യ ഗഡുവായി കേന്ദ്രസർക്കാർ നൽകിയിയത് 54.17 കോടി രൂപ മാത്രമാണ്. അത് അനുവദിച്ചതാകട്ടെ സെപ്റ്റംബർ മാസം ഒടുവിലും. കേന്ദ്രവിഹിതമായ 54.17 കോടി രൂപയുടെ ആനുപാതിക സംസ്ഥാന വിഹിതം 30.99 കോടി രൂപയാണ്. എന്നാൽ, ഇതിന് പകരം 172.14 കോടി രൂപയാണ് സംസ്ഥാന വിഹിതമായി സർക്കാർ അനുവദിച്ചത്.

ഇതിന്റെ ഫലമായാണ് സ്കൂളുകൾക്ക് സെപ്തംബർ വരെയുള്ള തുകയും പാചകത്തൊഴിലാളികൾക്ക് ആഗസ്റ്റ് മാസം വരെയുള്ള വേതനം നൽകുവാൻ സാധിച്ചത്. കേന്ദ്രാവഗണനക്കിടയിലും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി തടസപ്പെടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സംസ്ഥാന സർക്കാർ ചെലുത്തുന്ന ജാഗ്രതയും പരിശ്രമവും പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - School Lunch Scheme Fund: VD Satheesan and Ramesh Chennithala are spreading falsehood. V.Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.