തിരുവനന്തപുരം: ശനിയാഴ്ചകൾ കൂട്ടത്തോടെ പ്രവൃത്തിദിനമാക്കിയത് സ്കൂൾ വിദ്യാർഥികളുടെ കായിക, സർഗാത്മക പരിശീലന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ശനി, ഞായർ ദിവസങ്ങളാണ് മിക്ക വിദ്യാർഥികളും ഇത്തരം പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾക്കും കായിക പരിശീലനത്തിനുമുള്ള സമയമാണ് ശനിയാഴ്ചകൾ അധ്യയന ദിനമാക്കുന്നതിലൂടെ നഷ്ടമാകുക. ഇത് വിവിധതലങ്ങളിലുള്ള വിദ്യാർഥികളുടെ കലാകായിക മത്സരങ്ങളിലെ പ്രകടനത്തെയും ബാധിച്ചേക്കും.
ആഴ്ചയിൽ ആറ് പ്രവൃത്തിദിനമാക്കുന്നത് പ്രൈമറി ക്ലാസുകളിലെ കുട്ടികളെയാണ് കൂടുതലായും ബാധിക്കുക. ഇവർക്ക് മാനസികോല്ലാസത്തിനുള്ള സമയം കുറയും. സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ് (എസ്.പി.സി) തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതും ശനിയാഴ്ച ഉൾപ്പെടെ അവധിദിനങ്ങളാണ്. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ ആഴ്ചയിൽ ആറ് ദിവസവും സ്കൂളിൽ എത്തണമെന്ന് പറയുന്ന വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി ക്ലാസുകൾക്ക് ശനിയാഴ്ച അവധി നൽകിയിരിക്കുകയാണ്.
ശനി, ഞായർ ദിവസങ്ങളാണ് ഹയർ സെക്കൻഡറി വിദ്യാർഥികൾ വിവിധ മത്സര പരീക്ഷകൾക്കായുള്ള പരിശീലനത്തിന് ഉപയോഗിക്കുന്നത്. അധ്യയന സമയത്തിൽ വർധന വരുത്തി 2015ലാണ് ഹയർ സെക്കൻഡറി ക്ലാസുകൾക്ക് ശനിയാഴ്ച അവധി നൽകിയത്. അധ്യയനത്തിന് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുങ്ങാനുള്ള ദിവസം എന്ന സങ്കൽപത്തിലാണ് ആഴ്ചയിൽ രണ്ട് ദിവസം അവധി നൽകിയിരുന്നത്. ഇതാണ് 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയതിലൂടെ വിദ്യാഭ്യാസ വകുപ്പ് കവർന്നെടുത്തതെന്നാണ് ആക്ഷേപം.
അധ്യയനസമയം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ മറച്ചുവെച്ചാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കെ.ഇ.ആർ വ്യവസ്ഥയുടെ ബലത്തിൽ 220 ദിവസം തികക്കാൻ വിദ്യാഭ്യാസ വകുപ്പ് രംഗത്തിറങ്ങിയത്. ഇതിനായി വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ തന്നെയാണ് ചരടുവലിച്ചതെന്നാണ് അധ്യാപക സംഘടനകളുടെ സംശയം. ഇതുസംബന്ധിച്ച ഹൈകോടതിയിൽ വന്ന കേസിൽ ദുരൂഹത ആരോപിക്കുന്നതും ഈ സാഹചര്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.