‘സമ്പൂര്‍ണ ശൗചാലയ സംസ്ഥാന’ത്തിന് പുറത്താണോ ഈ സ്കൂളുകള്‍?

മലപ്പുറം: സമ്പൂര്‍ണ ശൗചാലയ സൗകര്യമുള്ള സംസ്ഥാനമെന്ന നേട്ടത്തിലേക്ക് അടുക്കുന്ന കേരളത്തിലെ 1500ലധികം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മതിയായ കക്കൂസ്, മൂത്രപ്പുര സൗകര്യങ്ങളില്ല. വിവരാവകാശ അപേക്ഷയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും നല്‍കിയ മറുപടികളിലാണ് പൊതുവിദ്യാലയങ്ങളിലെ പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള സൗകര്യങ്ങളെ സംബന്ധിച്ച വിവരങ്ങളുള്ളത്.

പാലക്കാട്, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലായി 638 സ്കൂളുകളില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങളില്ളെന്ന് അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ എല്ലാ സ്കൂളുകളിലും ആവശ്യത്തിന് സൗകര്യമുണ്ടെന്നും മറുപടിയിലുണ്ട്.  മറ്റു ജില്ലകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍നിന്നും സ്കൂളുകളില്‍നിന്ന് നേരിട്ടും ലഭിച്ച വിവരങ്ങള്‍ കൂടിയാകുമ്പോള്‍ സംസ്ഥാനത്ത് ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളില്ലാത്ത സ്കൂളുകളുടെ എണ്ണം 1500 കവിയും.

പാലക്കാട് ജില്ലയിലെ 181 സ്കൂളുകളില്‍ നിയമപ്രകാരമുള്ള മൂത്രപ്പുര, കക്കൂസ് സൗകര്യങ്ങളില്ല. ഇടുക്കിയില്‍ 47 സര്‍ക്കാര്‍ സ്കൂളുകളിലും 26 എയ്ഡഡ് സ്കൂളുകളിലും എറണാകുളത്ത് ആറ് സര്‍ക്കാര്‍ സ്കൂളുകളിലും രണ്ട് എയ്ഡഡ് സ്കൂളുകളിലും കാസര്‍കോട് 154 സര്‍ക്കാര്‍ സ്കൂളുകളിലും 21 എയ്ഡഡ് സ്കൂളുകളിലും കോട്ടയത്ത് 15 സര്‍ക്കാര്‍ സ്കൂളുകളിലും 145 എയ്ഡഡ് സ്കൂളുകളിലും മതിയായ സൗകര്യങ്ങളില്ല. വയനാട് 41 സര്‍ക്കാര്‍ സ്കൂളുകളിലും ഇതാണ് സ്ഥിതി. എയ്ഡഡ് സ്കൂളുകളിലെ വിവരങ്ങള്‍ ലഭ്യമല്ളെന്ന മറുപടിയും വയനാട് ജില്ല നല്‍കുന്നു. സംസ്ഥാനതല വിവരം ലഭ്യമല്ലാത്തതിനാല്‍, ഇതുസംബന്ധിച്ച് നല്‍കിയ വിവരാവകാശ അപേക്ഷ ഡി.പി.ഐ ഓഫിസ് ജില്ലാ തലത്തിലേക്ക് കൈമാറുകയായിരുന്നു.

മലപ്പുറം, പത്തനംതിട്ട, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍ ഇതുസംബന്ധിച്ച കണക്കില്ല. അപേക്ഷ വിദ്യാഭ്യാസ ജില്ലാ ഓഫിസുകള്‍ക്ക് കൈമാറിയപ്പോഴും അവര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് കൈമാറിയപ്പോഴും ഇതുതന്നെ മറുപടി. ഈ ജില്ലകളിലെ ഉപജില്ലാ ഓഫിസര്‍മാര്‍ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കാന്‍ നിര്‍ദേശിച്ച് അപേക്ഷ ഓരോ സ്കൂളുകള്‍ക്കും കൈമാറിയിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല്ള.

സ്കൂളുകളില്‍ മൂത്രപ്പുര, കക്കൂസ് സൗകര്യങ്ങള്‍ പരിതാപകരമായ സാഹചര്യത്തില്‍ മുമ്പ് ഹൈകോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതെതുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ചില നടപടികള്‍ കൈകൊണ്ടിരുന്നെങ്കിലും പൂര്‍ണമായും നടപ്പായില്ല. 100 വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയത് ഒരു കക്കൂസ് വേണം എന്നതാണ് സ്കൂളുകള്‍ക്കുള്ള നിര്‍ദേശം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ല എന്നതിന്‍െറ തെളിവാണ് വിദ്യാഭ്യാസ വകുപ്പ് തന്നെ നല്‍കിയ ഈ കണക്കുകള്‍.

 

Tags:    
News Summary - school toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.