തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ഒമ്പത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. അധ്യയനനഷ്ടം പരിഹരിക്കാൻ കോളജുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിവസമാക്കും.
സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനത്തിൽ താഴെ ഹാജറോടെ റൊേട്ടഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്. ആർട്സ് ആൻഡ് സയൻസ്, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എജുക്കേഷൻ, പോളിടെക്നിക് കോളജുകളിലും ബന്ധപ്പെട്ട സർവകലാശാലകളിലും അഞ്ച്/ആറ് സെമസ്റ്റർ ബിരുദ/പി.ജി ക്ലാസുകളാണ് ആരംഭിക്കേണ്ടത്. സാേങ്കതിക സർവകലാശാലയും കൊച്ചിൻ ശാസ്ത്രസാേങ്കതിക സർവകലാശാലയും സമാന സമയക്രമം നിശ്ചയിക്കണം.
പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരായി ക്ലാസ് മുറികളും ലാബുകളും ഹോസ്റ്റലുകളും അണുമുക്തമാക്കിയെന്നും ലബോറട്ടറി ഉപകരണങ്ങൾ പ്രവർത്തിക്കുന്നെന്നും ഉറപ്പുവരുത്തണം. അധ്യാപകർക്ക് ഒാൺലൈൻ ക്ലാസുകൾ തുടരണം. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയാകും കോളജുകളുടെയും സർവകലാശാലകളുടെയും പ്രവർത്തനസമയം. ആവശ്യമെങ്കിൽ പ്രിൻസിപ്പലിന് രണ്ട് ഷിഫ്റ്റുകളാക്കി സമയക്രമം തയാറാക്കാം. ലാബിലെ പരിശീലനത്തിനും ഒാൺലൈൻ ക്ലാസുകളിൽ വരാത്ത പ്രധാന പാഠഭാഗങ്ങളിലും ഉൗന്നിയാവണം അധ്യയനം. ക്ലാസ് മുറികളിൽ സാമൂഹികഅകലം പാലിച്ച് സാധ്യമായ വിദ്യാർഥികൾക്ക് ഇരിപ്പിടമൊരുക്കണം. ഇൗ സമയം ഹാജർ നിർബന്ധമാക്കരുത്.
ശാരീരികഅകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കൈ അണുമുക്തമാക്കൽ എന്നിവ നിർബന്ധമാക്കണം. താപനില പരിശോധന നിർബന്ധമല്ല. സാമൂഹികഅകലം പാലിച്ച് ഹോസ്റ്റലും മെസും പ്രവർത്തിപ്പിക്കാം. 10 ദിവസത്തിന് ശേഷം ക്രമീകരണങ്ങൾ വിലയിരുത്തി കാമ്പസിെല വിദ്യാർഥികളെ വീട്ടിലേക്കയക്കുകയും മറ്റ് വിദ്യാർഥികളെ ക്ലാസ് മുറി അധ്യയനത്തിനും ലാബ് പരിശീലനത്തിനുമായി വിളിക്കുകയും ചെയ്യാം. എണ്ണം കുറവാണെങ്കിൽ പി.ജി, ഗവേഷകവിദ്യാർഥികളെ കാമ്പസിൽ തുടരാൻ അനുവദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.