കോട്ടയം: വനാതിർത്തിയിൽ നിന്നും പിടിക്കപ്പെടുന്ന വന്യമൃഗങ്ങളിൽ ബഹുഭൂരിപക്ഷവും മരിച്ചുപോകുന്നത് ഗൗരവമായി കാണണമെന്ന് വോയിസ് ഫോർ അനിമൽസ് ആൻഡ് എൻവിറോൺമെൻറ് ഫൗണ്ടേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അശാസ്ത്രീയ രീതിയിൽ മൃഗങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതാണ് ദുരന്തത്തിന് കാരണം. പാലക്കാട് കൊല്ലംകോട് സ്വകാര്യ വ്യക്തിയുടെ ഭൂമിയുടെ അതിർത്തിവേലിയിൽ കുടുങ്ങിയ പെൺപുലിയുടെ മരണമാണ് ഇതിൽ ഒടുവിലത്തേത്.
വെള്ളനാട് കിണറ്റിൽ വീണ കരടി, മാനന്തവാടിയിൽ തണ്ണീർകൊമ്പൻ എന്ന കാട്ടാന, കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവ എന്നിവയൊക്കെ കഴിഞ്ഞ മാസങ്ങളിൽ കൊല്ലപ്പെട്ടവയാണ്. മയക്കുവെടി വെച്ചും അല്ലാതെയും പിടികൂടിയ മൃഗങ്ങളിൽ ഏകദേശം 80 ശതമാനത്തിന് മുകളിൽ ഇത്തരത്തിൽ വനം വകുപ്പ് ജീവൻ നഷ്ടപ്പെടുത്തുന്നുണ്ട്. ഇതൊഴിവാക്കാൻ ശാസ്ത്രീയ രീതികൾ അവലംബിക്കണം.
രക്ഷപെടുത്തലിനിടെയുള്ള മൃഗങ്ങളുടെ മരണം ഗൗരവതരമായ പല സംശയങ്ങളും ഉയർത്തുന്നുണ്ട്. ഈ വിഷയത്തിൽ സ്വതന്ത്ര അന്വേഷണവും കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ വന്യജീവികളെ തിരികെ വനത്തിലേക്ക് എത്തിയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിൽ കൊല്ലപ്പെട്ടിട്ടുള്ള മൃഗങ്ങളുടെ കണക്കെടുപ്പും നടത്തണമെന്നും ഫൗണ്ടേഷനുവേണ്ടി ഭാരവാഹികളായ പ്രിൻസ് ചാക്കോ, ഷീജ പദ്മ, ശ്രീല എൽ.എസ്, ദീപ ദേവദാസ്, സുനിൽ കുമാർ എന്നിവർ ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് വനംമന്ത്രിക്കും വനംവകുപ്പ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.