മലയാളിക്ക് അഭിമാനമായി അഗ്നി 5 മിസൈലിനു പിന്നിലെ ദിവ്യപുത്രി

തിരുവനന്തപുരം: അഗ്നി 5 മിസൈലിന്റെ പരിഷ്‍കരിച്ച പതിപ്പ് വികസിപ്പിക്കാനുള്ള ദൗത്യമായ മിഷൻ ദിവ്യാസ്ത്രക്ക് നേതൃത്വം നൽകിയത് മലയാളി വനിത. ഒന്നിലേറെ ആണവ പോർമുനകളുള്ളതും 5000 കി.മി ദൂരപരിധിയുള്ളതുമായ അഗ്നി 5 മിസൈലിന്റെ കുതിപ്പിനു പിന്നാ​ലെ അഭിമാനമായിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ഷീന റാണി. 1999 മുതൽ അഗ്നി ദൗത്യത്തിന്റെ ഭാഗമാണ് ഷീന. 1998 ലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന് ശേഷമായിരുന്നു അത്. ഇന്ത്യയുടെ അഗ്നി പുത്രിയെന്നും മിസൈൽ വനിത എന്നും അറിയപ്പെടുന്ന ടെസ്സി തോമസിന്റെ പിൻഗാമിയായാണ് ഷീന റാണിയെ വലിയിരുത്തുന്നത്.

ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ(ഡി.ആര്‍.ഡി.ഒ) കീഴിലുള്ള ഹൈദരാബാദിലെ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിലെ(എ.എസ്.എൽ)പ്രോഗ്രാം ഡയറക്ടറാണ് ഈ 57കാരി. 'മിസൈല്‍ മാനാ'യ എ.പി.ജെ. അബ്ദുൽകലാമാണ് ഷീനയുടെ പ്രചോദനം. ഡി.ആർ.ഡി.ഒയെ നയിച്ച മിസൈൽ ടെക്നോളജിസ്റ്റായ ഡോ. അവിനാഷ് ചന്ദറും തന്റെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയതായി ഷീന പറഞ്ഞിട്ടുണ്ട്.

വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഷീന റാണി ഡി.ആര്‍.ഡി.ഒയിലെത്തിയത്. തിരുവനന്തപുരമാണ് ഷീന റാണിയുടെ സ്വദേശം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് മരിച്ചു. പിന്നീട് ഷീനയേയും സഹോദരിയേയും വളര്‍ത്തിയത് അമ്മ ഒറ്റക്കാണ്. തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ്ങിലാണ് ഷീന പഠിച്ചത്. ഡി.ആര്‍.ഡി.ഒയിലെ മിസൈല്‍ വിഭാഗത്തില്‍ തന്നെ ജോലി ചെയ്യുന്ന പി.എസ്.ആര്‍.എസ്. ശാസ്ത്രിയാണ് ഭര്‍ത്താവ്. 2016 ലെ സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഷീനയെ തേടിയെത്തി.

Tags:    
News Summary - Scientist behind Agni 5 missile with multiple warheads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.