കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറടക്കം മൂന്നു പ്രതികൾക്ക് ജാമ്യം. ഒന്നാംപ്രതി തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ. രമേശൻ, മൂന്നും നാലും പ്രതികളായ നഴ്സുമാർ പെരുമണ്ണ പാലത്തുംകുഴി എം. രഹന, ദേവഗിരി കളപ്പുരയിൽ കെ.ജി. മഞ്ജു എന്നിവർക്കാണ് കുന്ദമംഗലം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് വി.പി. അബ്ദുൽ സത്താർ ജാമ്യം അനുവദിച്ചത്.
കോടതിയിൽ ഹാജരാകാതിരുന്ന രണ്ടാംപ്രതി ഡോ. ഷഹനക്ക് വീണ്ടും സമൻസ് അയക്കാനും കോടതി ഉത്തരവിട്ടു. അടുത്തമാസം 20ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ പ്രതി ഹാജരാവണം. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്നാണ് പരാതി.
അഞ്ചു കൊല്ലം കഴിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കത്രിക പുറത്തെടുത്തു. ഇതേപ്പറ്റി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഹർഷിന നിരന്തരം സമരം ചെയ്തതോടെയാണ് നാലു പേർക്കെതിരെ കേസെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹർഷിന തുടർചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.