കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്ന് അഞ്ചുവർഷത്തിനുശേഷം കത്രിക കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. വിഷയത്തിൽ ബന്ധപ്പെട്ട ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി വീട്ടമ്മയ്ക്ക് നൽകണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. വിഷയം ആരോഗ്യ വകുപ്പ് ഗൗരവമായി ഏറ്റെടുത്തിട്ടുണ്ടെന്നാണ് മനസിലാവുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ. മോസ്‌ക്വിറ്റോ ആർട്ടറി ഫോർസെപ്സാണ് ഈ ഉപകരണമെന്നുമാണ് വിശദീകരണം. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളിൽ ശസ്ത്രക്രിയ നടന്നിരുന്നു. അതിനാൽ മെഡിക്കൽ കോളേജിൽ നിന്നാണ് പിഴവ് സംഭവിച്ചതെന്ന് തീർത്ത് പറയാനാവില്ല. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ വ്യക്തമാക്കി.
മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് അടിവാരം സ്വദേശിനിയുടെ വയറ്റിൽനിന്ന് അഞ്ചുവർഷത്തിനുശേഷം കത്രിക കണ്ടെത്തുകയായിരുന്നു. കടുത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയപ്പോൾ മൂത്രസഞ്ചിയിൽനിന്നാണ് 11 സെന്റി മീറ്റർ വലുപ്പമുള്ള കത്രിക പുറത്തെടുത്തത്.
2017 നവംബറിലാണ് ഹര്‍ഷിന മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. ആറുമാസംമുമ്പാണ് കടുത്ത ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതെന്ന് യുവതി പറഞ്ഞു. ഇതോടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിൽ മൂത്രസഞ്ചിയിൽ ലോഹഭാഗമുള്ളതായി കണ്ടെത്തി. തുടർന്ന് സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതിക്ക് 17ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.
പരാതിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.