രാജ്യത്തെ അധസ്ഥിത ഭൂരിപക്ഷത്തിന് ഫാഷിസത്തെ അതിജയിക്കാനുള്ള കരുത്തുണ്ടെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: രാജ്യത്തെ അധസ്ഥിത ഭൂരിപക്ഷത്തിന് സംഘപരിവാര ഫാഷിസത്തെ അതിജയിക്കാനുള്ള കരുത്തുണ്ടെന്ന് എസ്.ഡി.പി.ഐ. 400 സീറ്റ് നേടി അധികാരത്തിലെത്തി രാഷ്ട്രത്തിന്റെ ഭരണഘടനയും ജനാധിപത്യവും ബഹുസ്വരതയും ഇല്ലാതാക്കി മതാധിഷ്ടിത രാഷ്ട്രം സ്ഥാപിക്കാമെന്ന ഫാഷിസ്റ്റ് വ്യാമോഹത്തെ തകര്‍ത്തെറിഞ്ഞത് അധസ്ഥിത-പിന്നാക്ക-ന്യൂനപക്ഷ-ദലിത്-ആദിവാസി സമൂഹങ്ങളുടെ രാഷ്ട്രീയ മുന്നേറ്റമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിനു മുമ്പില്‍ പതാക ഉയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വീണ്ടെടുപ്പിന് പൗരസമൂഹം കൂടുതല്‍ ജാഗ്രതയോടെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് തയ്യാറാവണം. 2009 ല്‍ പാര്‍ട്ടി രൂപീകരിച്ച അന്നു മുതല്‍ ഫാഷിസ്റ്റ് അജണ്ടകള്‍ തുറന്നു കാണിക്കുകയും അവര്‍ അധികാരത്തിലെത്തിയാല്‍ രാഷ്ട്ര സംവിധാനങ്ങളെ പൊളിച്ചെഴുതുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. 2014 ല്‍ അധികാരത്തിലെത്തിയ ഫാഷിസം അത് കൃത്യമായി നടപ്പിലാക്കുന്നതാണ് രാജ്യം കണ്ടത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ ദുര്‍ഭരണത്തില്‍ രാജ്യഭൂരിപക്ഷം തീരാദുരിതത്തിലും പട്ടിണിയിലും ആണ്ടു പോയിരിക്കുന്നു. വിശപ്പു രഹിത-ഭയ രഹിത ഇന്ത്യയെ സൃഷ്ടിക്കാന്‍ പൗരസമൂഹം ഐക്യപ്പെട്ട് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. പതാക ഉയര്‍ത്തല്‍, മധുര വിതരണം, സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങള്‍, ശുചീകരണം, ആദരിക്കല്‍ തുടങ്ങി വിവിധങ്ങളായ പരിപാടികളോടെ സംസ്ഥാന വ്യാപകമായി പാര്‍ട്ടി സ്ഥാപക ദിനം ആഘോഷിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം, കോര്‍പറേഷന്‍, മുനിസിപാലിറ്റി, പഞ്ചായത്ത്, വാര്‍ഡ്, ബ്രാഞ്ച് നേതാക്കള്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

Tags:    
News Summary - SDPI believes that the ruling majority of the country has the strength to defeat fascism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.