വടകര: എസ്.ഡി.പി.ഐ- ലീഗ് സംഘർഷം നിലനിൽനിൽക്കുന്ന പുതുപ്പണം കറുകയിൽ വീണ്ടും ആക്രമണം. ആറുപേർക്ക് പരിക്ക്. വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ കോരന്റവിട നജാത്തിൽ സറീന (45), മകൻ ഷഹീദ് (25) എന്നിവർക്കും റോഡിൽവെച്ചുണ്ടായ ആക്രമണത്തിൽ കറുകയിൽ പള്ളിത്താഴ സാജിദ് (25), പുത്തൻ പുരയിൽ ഷഫീക് (24), അരങ്ങിൽ അജ്മൽ (26) എന്നിവർക്കുമാണ് പരിക്കേറ്റത്.
ഷഹീദിന് നേരത്തെയും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.
സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ദിവസങ്ങൾക്ക് മുമ്പും ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് 27ഓളം പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഏകപക്ഷീയ അക്രമം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സി.കെ ജങ്ഷനിൽ നിൽക്കുകയായിരുന്ന മുസ്ലിം ലീഗ് പ്രവർത്തകരെയും മാരകായുധങ്ങളുമായി എത്തിയ ആക്രമി സംഘം സറീനയുടെ വീട്ടിൽ കയറിയും അക്രമം നടത്തുകയായിരുന്നെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. അക്രമത്തിൽ മുസ്ലിം ലീഗ് വടകര മുനിസിപ്പൽ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.