പാലക്കാട്: സീപ്ലെയ്ൻ പദ്ധതി 11 വർഷം മുമ്പ് നടപ്പാകേണ്ടതായിരുന്നുവെന്നും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. അന്ന് തടസ്സപ്പെടുത്തിയവർ തന്നെ ഇന്ന് പദ്ധതി നടപ്പാക്കുകയാണെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു.
“സീപ്ലെയ്ൻ യാഥാർഥ്യമാക്കാനുള്ള എല്ലാ നടപടികളും ഉമ്മൻ ചാണ്ടി സർക്കാർ പൂർത്തിയാക്കിയിരുന്നു. അന്ന് ഇടതുപക്ഷം ശക്തമായി എതിർത്തു. മത്സ്യത്തൊഴിലാളികളുടെ ചില സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തി. വിവാദം വേണ്ടെന്നുവെച്ച് പദ്ധതി നിർത്തിവെച്ചതാണ്. തടസപ്പെടുത്തിയവർ തന്നെ ഇപ്പോൾ നടപ്പാക്കിയിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് കൊട്ടിഗ്ഘോഷിക്കുകയാണ്. യഥാർഥത്തിൽ 11 വർഷം മുമ്പ് വരേണ്ട പദ്ധതിയാണിത്. ഇത്രയും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ പറയണം. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് പദ്ധതി മുടക്കിയത്. മുഖ്യമന്ത്രിയായപ്പോൾ സമരവുമായി ഒരു സംഘടനയുമില്ല” -മുരളീധരൻ പറഞ്ഞു.
അതേസമയം കൊച്ചിയിൽനിന്ന് മാട്ടുപെട്ടിയിലേക്കുള്ള സീപ്ലെയ്ൻ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഞായറാഴ്ച കൊച്ചിയിലെത്തിയ എയർക്രാഫ്റ്റാണ് പരീക്ഷണപ്പറക്കൽ പൂർത്തിയാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ടുവെച്ച ആശയവും നടപടികളും പിന്നീട് രാഷ്ട്രീയ പ്രതിഷേധത്തിനു ശേഷം ഒഴിവാക്കുകയായിരുന്നു. സി.പി.എം നേതാക്കളുൾപ്പെടെ രംഗത്തിറങ്ങിയാണ് 2013ൽ സമരം നടത്തിയത്. മത്സ്യബന്ധന മേഖലക്ക് വെല്ലുവിളിയാകുമെന്ന് ഉൾപ്പെടെ ഇടതുപക്ഷം വാദിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ ഉടാൻ റീജനൽ കണക്ടിവിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലവിൽ പദ്ധതി യാഥാർഥ്യമാക്കിയത്.
വിവാദങ്ങൾക്ക് ഇല്ലെന്നാണ് ഇന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് പ്രതികരിച്ചത്. പദ്ധതി യാഥാർഥ്യമാക്കാൻ എല്ലാവരുമായി ചർച്ച നടത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാൽ ചർച്ച നടന്നിട്ടില്ലെന്നും പഴയ പ്രതിഷേധം ഇനിയും തുടരുമെന്നും മത്സ്യത്തൊഴിലാളി നേതാവ് ചാൾസ് ജോർജ് വ്യക്തമാക്കി. പദ്ധതി കേരളത്തിൽ മാത്രമല്ലെന്നും രാജ്യവ്യാപകമായി നടക്കുന്നുണ്ടെന്നും ചാൾസ് ജോർജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.