വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ​യേ​കു​ന്ന ജ​ല​വി​മാ​നം (സീ​പ്ലെ​യി​ൻ) കൊ​ച്ചി ബോ​ൾ​ഗാ​ട്ടി മ​റീ​ന​യി​ൽ പ​റ​ന്നി​റ​ങ്ങു​ന്നു

കൊച്ചി കായലിനെ തൊട്ട് സീ​പ്ലെ​യി​ൻ; പരീക്ഷണപ്പറക്കൽ നാളെ മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ക്ക്

കൊച്ചി: കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുതുചിറകുകളേകി കൊച്ചിയുടെ കായൽപരപ്പിൽ ജലവിമാനം (സീപ്ലെയിൻ) പറന്നിറങ്ങി. ആകാശത്തുനിന്ന്​ കൊച്ചിയുടെ ഓളങ്ങളിലേക്ക് ഇറങ്ങുന്നത് വിസ്മയത്തോടെ നഗരം നോക്കിക്കണ്ടു. ഇനി ഒരൊറ്റ യാത്രയിൽ കേരളത്തിന്‍റെ വനങ്ങളും പശ്ചിമഘട്ട മലനിരകളും നിറയുന്ന ആകാശക്കാഴ്ചയും ശാന്തമായി ഒഴുകുന്ന കായൽ, തടാക സൗന്ദര്യവും ഇതിലൂടെ അടുത്തറിയാം.

ആന്ധ്രയിലെ വിജയവാഡയിൽനിന്ന്​ ഞായറാഴ്ച രാവിലെ 11ന് പുറപ്പെട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് വിമാനമെത്തി. വാട്ടർ സല്യൂട്ട് നൽകിയായിരുന്നു സ്വീകരണം. അവിടെനിന്ന്​ പറന്നുയർന്ന് 3.30ഓടെ ബോൾഗാട്ടിയിലെ കായൽപരപ്പിലിറങ്ങി. ആകാശത്ത് വട്ടമിട്ട് പറന്നശേഷം കായൽപരപ്പിന് മുകളിൽ പറന്നിറങ്ങുന്ന മനോഹര കാഴ്ചക്കാണ് ഈ നേരം കൊച്ചി സാക്ഷ്യംവഹിച്ചത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജലവിമാനത്തിന്​ കൊച്ചിയിൽ കലക്ടർ ഉൾപ്പെടെയുള്ളവർ സ്വീകരണമൊരുക്കിയത്. തിങ്കളാഴ്ച രാവിലെ 10.30ന് കൊച്ചി ബോൾഗാട്ടി പാലസിൽനിന്ന് പറന്നുയരുന്ന വിമാനം മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൊച്ചിയിൽ ഫ്ലാഗ്ഓഫ് ചെയ്യുന്ന വിമാനം മാട്ടുപ്പെട്ടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും.

ടൂറിസത്തിന് പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വി.ഐ.പികൾക്കും ഉദ്യോഗസ്ഥർക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുത്താം. ഒമ്പതുപേരെ വഹിക്കാവുന്ന വിമാനമാണിത്. മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ, കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

ജലവിമാനം

റൺവേയിലും ജലത്തിലും ഒരേപോലെ ലാൻഡ് ചെയ്യാനും പറന്നുയരാനും കഴിയുന്ന, ആംഫിബിയസ് എയർക്രാഫ്റ്റ് എന്നു വിളിക്കുന്ന ചെറു വിമാനങ്ങളാണിത്. ​ഹൈഡ്രോ പ്ലെയിൻസ് എന്നും ഇവ​യെ വിളിക്കാറുണ്ട്. രണ്ടു മീറ്റർ ആഴത്തിൽ മാത്രം വെള്ളമുള്ളിടത്തും ഇറങ്ങാൻ കഴിയുന്ന, കാനഡയിൽ നിർമിച്ച വിമാനമാണ് ഇന്നലെ ബോൾഗാട്ടി കായലിൽ ലാൻഡ് ചെയ്തത്.

ഒൻപതു പേരെ വഹിക്കും. ആംഫിബിയസ് വിമാനങ്ങളുപയോഗിച്ച് ഉൾനാടൻ ഗതാഗതസാധ്യത പരിശോധിക്കുന്നതിന്റെ ഭാഗാമായി കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ആന്ധ്രപ്ര​ദേശ് പ്രകാശം ഡാമിൽ കഴിഞ്ഞ ദിവസം പരീക്ഷണം നടത്തിയിരുന്നു. 

Tags:    
News Summary - Seaplane touching Kochi backwater; Testing tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.