കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

രഹസ്യഫയൽ ചോർത്തി 'കൈവശം' നിയമനം; സബ് കലക്ടർ അന്വേഷിക്കും

പത്തനംതിട്ട: പി.എസ്.സി വഴി എത്തിയ 25 പേരെ റവന്യൂ വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്കായി നിയമിച്ചതിന് പിന്നാലെ രണ്ടു പേര്‍ക്ക് മാത്രം കൈവശം നിയമനരേഖ നല്‍കിയ സംഭവം അന്വേഷിക്കാന്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവിട്ടു. തിരുവല്ല സബ് കലക്ടര്‍ ശ്വേത നാഗര്‍കോട്ടി അന്വേഷിക്കും.കലക്ടറുടെ സീക്രട്ട് സെക്ഷനിലെ അതിസുരക്ഷിതമായ കമ്പ്യൂട്ടറില്‍ നിന്നാണ് നിയമന ഉത്തരവ് ചോര്‍ന്നത്. ഇത് കൈയില്‍ കിട്ടിയ കൊല്ലം ജില്ലക്കാരായ രണ്ട് ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ അടൂര്‍ താലൂക്ക് ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചു.

കലക്ടറേറ്റില്‍നിന്നുള്ള ഉത്തരവ് താലൂക്ക് ഓഫിസില്‍ കിട്ടാതെ രണ്ടുപേര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അനുവാദം കൊടുത്ത അടൂര്‍ തഹസില്‍ദാര്‍ക്കെതിരെയും നടപടി വന്നേക്കും. റവന്യൂ മന്ത്രിയുടെ ഓഫിസില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷിച്ച 23 പേര്‍ക്ക് നിയമന ഉത്തരവ് അയക്കുകയോ മറ്റ് രണ്ടു പേര്‍ക്ക് നല്‍കിയതുപോലെ കൈവശം കൊടുക്കുകയോ ചെയ്യാതിരുന്നതാണ് വിവാദമായത്.

ജോയന്‍റ് കൗണ്‍സിലിന്‍റെ ജില്ല നേതാവ് ഇടപെട്ടാണ് ഫയൽ ചോർത്തി നിയമന ഉത്തരവ് നല്‍കിയത് എന്നാണ് ആരോപണം. ഈ വിഭാഗത്തിലെ സ്ത്രീകളായ രണ്ട് ക്ലർക്കുമാർ അവധിയിലായ ദിവസമാണ് ഉത്തരവ് ചോർത്തിയത്. സി.പി.ഐയുടെ സര്‍വിസ് സംഘടനക്കുള്ളിലെ പടലപ്പിണക്കമാണ് സംഭവം പുറത്തുവരാനും വിവാദമാകാനും കാരണമായത്. സംഭവത്തിൽ ജീവനക്കാരുടെ വിവിധ സംഘടനകൾ വൻ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു.

ക്ലർക്കിനെ ബലിയാടാക്കി തലയൂരാൻ നീക്കം

തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ അവര്‍ ആഗ്രഹിച്ചിടത്ത് നിയമിക്കാന്‍ ജോയന്‍റ് കൗണ്‍സില്‍ നേതൃത്വം ഇടപെട്ടിരുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിന്‍റെ ഭാഗമായാണ് ചിലര്‍ക്ക് മാത്രമായി ചട്ടം ലംഘിച്ച് നിയമന ഉത്തരവ് നല്‍കിയതെന്നും പറയുന്നു. സംഭവത്തില്‍ സെക്ഷന്‍റെ ചുമതലയുള്ള ക്ലാര്‍ക്കിനെ ബലിയാടാക്കി തലയൂരാനുള്ള ശ്രമം നടക്കുന്നതായണ് ആക്ഷേപം.

സീക്രട്ട് സെക്ഷനിലെ സൂപ്രണ്ടിന്‍റെ യൂസര്‍ ഐ.ഡിയും പാസ്‌വേഡും തന്ത്രത്തില്‍ കൈക്കലാക്കിയാണ് നിയമന ഉത്തരവ് പ്രിന്‍റ് എടുത്ത് ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് കൊടുത്തത്. ഇതുമായി ഇവര്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ അടൂര്‍ തഹസില്‍ദാര്‍ കലക്ടറേറ്റിലേക്ക് വിളിച്ച് വിവരം അറിയിച്ചിരുന്നു. താലൂക്ക് ഓഫിസില്‍ കലക്ടറുടെ ഉത്തരവ് പിന്നാലെ വന്നോളുമെന്നും ഇപ്പോള്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നത്രേ കലക്ടറേറ്റില്‍നിന്ന് കിട്ടിയ ഉപദേശം.

വിവാദം കൊടുമ്പിരിക്കൊണ്ടതോടെ ശേഷിച്ച 23 പേര്‍ക്കും ഇന്നലെത്തന്നെ രജിസ്‌റ്റേർഡ് തപാലില്‍ നിയമന ഉത്തരവ് അയച്ചു. ഡെസ്പാച് സെക്ഷനില്‍ അവസാനനിമിഷം തിരിമറിക്ക് ശ്രമം നടന്നെങ്കിലും വിജയിച്ചില്ലെന്നാണ് വിവരം.

നടപടിക്രമങ്ങൾ പാലിച്ചില്ല

25 പേര്‍ക്കും ഒന്നിച്ച് തപാലില്‍ നിയമന ഉത്തരവ് അയക്കണം എന്നാണ് ചട്ടം. നേരിട്ട് ഉത്തരവ് കൈയിലോ വാട്‌സ്ആപ്പിലോ അയച്ചുകൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയമനത്തിന് കലക്ടര്‍ അനുവാദം നല്‍കിയത്. ഇവരുടെ രണ്ടുപേരുടെയും വിലാസത്തില്‍ മാറ്റമുണ്ടായെന്നും അതുകൊണ്ട് നേരിട്ട് കൊടുത്തുവെന്നുമുള്ള വിശദീകരമാണ് ജോയന്‍റ് കൗണ്‍സില്‍ നേതാക്കള്‍ നല്‍കുന്നത്. അതേസമയം, ശേഷിക്കുന്ന 23 പേര്‍ക്കും എന്തുകൊണ്ട് നിയമന ഉത്തരവ് തപാലില്‍ അയച്ചില്ലെന്ന ചോദ്യത്തിന് മറുപടിയില്ല.

കലക്ടറേറ്റില്‍നിന്ന് തപാല്‍ മുഖാന്തരം വേണം നിയമന ഉത്തരവ് അയക്കാന്‍. അത് തപാല്‍ രേഖപ്പെടുത്തുന്ന ബുക്കില്‍ എഴുതുകയും വേണം. ഇവിടെ ഈ നടപടിക്രമം ഒന്നും പാലിച്ചിട്ടില്ല. ജില്ല പി.എസ്.സി ഓഫിസറുടെ നിയമന ശിപാര്‍ശ പ്രകാരം 25 ഉദ്യോഗാര്‍ഥികളെ എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ ജില്ല റവന്യൂ ഭരണവിഭാഗത്തില്‍ നിയമനം നല്‍കി കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് നവംബര്‍ 18നാണ്.ഓരോരുത്തര്‍ക്കും നിയമന ഉത്തരവ് അയച്ച് അവര്‍ വന്ന് ജോയിന്‍ ചെയ്യാന്‍ ഒരാഴ്ചയോളം സമയം എടുക്കും. ഇതിനിടെയാണ് തങ്ങള്‍ക്ക് വേണ്ടപ്പെട്ട രണ്ടുപേര്‍ക്ക് അവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ അടൂരില്‍ നിയമനം നല്‍കിയത്.

Tags:    
News Summary - Secret file leak and 'possession' appointment; The Sub-Collector will investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.