തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ പ്രോട്ടോകോള്‍ ഓഫിസിലുണ്ടായ തീപിടിത്തം ഗൂഡാലോചനയാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും ഇന്ന് തെരുവിലിറങ്ങും. ബുധനാഴ്ച സംസ്ഥാന വ്യാപകമായി യു.ഡി.എഫ് കരിദിനവും ബി.ജെ.പി പ്രതിഷേധ ദിനവും ആചരിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ അതിരാവിലെ തന്നെ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് തീപിടിത്തമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. അന്വേഷിക്കാന്‍ നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് സ്വീകാര്യമല്ല. എന്‍.ഐ.എ തന്നെ ഇതും അന്വേഷിക്കണം -ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് ഫയലുകളും നയതന്ത്ര ബാഗേജുകളുടെയും മറ്റ് പാഴ്സലുകളുടെയും ക്ലിയറന്‍സ് സംബന്ധിച്ച ഫയലുകളും വിദേശയാത്ര സംബന്ധിച്ച ഫയലുകളും പൊതുഭരണ വകുപ്പിലാണ്. അവിടെയാണ് തീപിടിത്തമുണ്ടായത്. കേസ് സംബന്ധിച്ച് പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്തുവരികയാണ്. അന്വേഷണം മുറുകുന്നതിനിടെ തീപിടിത്തമുണ്ടായത് യാദൃശ്ചികമാവില്ല. മൂന്ന് സെക്ഷനിലെ പ്രധാന ഫയലുകളെല്ലാം നശിച്ചു. ഇവയുടെ ബാക്അപ് ഫയല്‍ ഉണ്ടോ എന്ന് ശബരീനാഥന് എം.എല്‍.എ ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത് സംശയം ബലപ്പെടുത്തുന്നു.
സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെ.ടി. ജലീലിലേക്കും വരുമെന്നായപ്പോള്‍ സര്‍ക്കാര്‍ തന്നെ ഫയലുകള്‍ക്ക് തീയിെട്ടന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻ.െഎ.എയും അന്വേഷിക്കണം. സെക്രേട്ടറിയറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു.
അതേസമയം, സെക്രേട്ടറിയറ്റിലെ തീപിടിത്തം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ മേൽനോട്ടത്തിലാണ് അന്വേഷണം. സ്പെഷൽ സെൽ എസ്.പി വി. അജിത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി പി. വിജയൻ ദൈനംദിന മേൽനോട്ടം വഹിക്കും. കേൻറാൺമെൻറ് സി.െഎ ബി. മുഹമ്മദ് ഷാഫി, നേമം സി.െഎ അനൂപ് കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ട്. എസ്.പി സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.