മഞ്ചേരി: മഞ്ചേരി സഹകരണ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയുടെ നടപടി മണിക്കൂറുകള്‍ക്കകം റദ്ദാക്കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ഡി.സി.സി തീരുമാനം റദ്ദ്ചെയ്തുള്ള അറിയിപ്പ് ജില്ല കോൺഗ്രസ് അധ്യക്ഷൻ വി.എസ്. ജോയിക്ക് കൈമാറിയത്.
ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി. അബ്ദുറഹിമാന് അവറു, ലോയേഴ്സ് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. കെ.എ. ജബ്ബാര്‍ എന്നിവരെയാണ് ബുധാനാഴ്ച ഡി.സി.സി പ്രസിഡൻറ് പുറത്താക്കിയത്. കെ.പി.സി.സി അംഗം റഷീദ് പറമ്പനെതിരെ നടപടി സ്വീകരിക്കാന്‍ കെ.പി.സി.സി നേതൃത്വത്തോട് ഡി.സി.സി ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
ഇത് പൂര്‍ണമായി തള്ളുന്നതാണ് കെ.പി.സി.സി തീരുമാനം. കെ.പി.സി.സി അധ്യക്ഷന്റെ സാന്നിധ്യത്തില്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ, വി.ടി. ബല്‍റാം, അഡ്വ. കെ. ജയന്ത് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡയറക്ടർ ബോർഡിലേക്ക് ഡി.സി.സിയുടെ തീരുമാനം മറികടന്ന് പത്രിക നൽകിയ മൂന്നുപേരും സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയതായി പരസ്യമായി അറിയിച്ചതോടെയാണ് നടപടി പിൻവലിക്കാൻ കെ.പി.സി.സി തീരുമാനിച്ചത്.
പാർട്ടിയിൽനിന്ന് രണ്ടുപേരെ പുറത്താക്കിയ സമയത്ത് ഏകപക്ഷീയമായ നടപടിയല്ലെന്ന് വരുത്താന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ മേച്ചേരിയെ ഡി.സി.സി താൽക്കാലികമായി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഡി.സി.സി പ്രസിഡന്റിന്റെ തീരുമാനം മരവിപ്പിച്ച കെ.പി.സി.സി സെക്രട്ടറിയുടെ കത്തില്‍ ഇദ്ദേഹത്തെ തിരിച്ചെടുത്തതായി പറയുന്നില്ല. പകരം ചുമതല നല്കപ്പെട്ട സുബൈര്‍ വീമ്പൂരിന് പിന്തുണ നല്‍കണമെന്നാണ് കെ.പി.സി.സി ആവശ്യപ്പെട്ടത്.
എല്ലാ പ്രവർത്തകരെയും ഒരുമിച്ച് കൊണ്ടുപോകണമെന്നും ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന്റെ വിജയം ഉറപ്പുവരുത്താൻ പിന്തുണ നൽകണമെന്നും വി.എസ്. ജോയിയോട് കെ.പി.സി.സി നിർദേശിച്ചിട്ടുണ്ട്. മഞ്ചേരിയിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ വിഭാഗീയത മൂലമാണ് വിഷയത്തിൽ കെ.പി.സി.സിയും ജില്ല കോൺഗ്രസ് കമ്മിറ്റിയും രണ്ട് തട്ടിലായത്. ഈ ചേരിപ്പോര് വരും ദിവസങ്ങളിലും തുടർന്നാൽ നേതൃത്വത്തിന് വീണ്ടും തലവേദനയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.