വിഭാഗീയത രൂക്ഷം; സി.പി.ഐ പന്തളം മണ്ഡലം അസി. സെക്രട്ടറി തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

പന്തളം: സിപി.ഐയിൽ വിഭാഗിയത രൂക്ഷമായതിനെ തുടർന്ന് പന്തളം മണ്ഡലം അസി. സെക്രട്ടറി തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വിഭാഗീയത തുടർന്ന് മാറ്റിവെച്ച കോന്നി മണ്ഡലം കമ്മിറ്റിക്ക് പുറമെയാണ് പന്തളം മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പും ജില്ലയിൽ മാറ്റിവെച്ചിരിക്കുന്നത്.സി.പി.ഐ പന്തളം മണ്ഡലം കമ്മിറ്റി ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ല സെക്രട്ടറി എ.പി. ജയൻപക്ഷം നിർദേശിച്ച മണ്ഡലം സെക്രട്ടേറിയറ്റ് പാനൽ മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം പൂർണമായും എതിർക്കുകയും തുടർന്ന് തർക്കം രൂക്ഷമാവുകയും ചെയ്തു.

തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ എത്തിയത് പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും മുൻ എം.എൽ.എയുമായ കെ.ആർ. ചന്ദ്രമോഹനായിരുന്നു. തർക്കം രൂക്ഷമായപ്പോൾ നടപടി നിർത്തിവക്കുകയും യോഗം അവസാനിപ്പിക്കുകയും ചെയ്തു. ജില്ല സെക്രട്ടറി എ.പി. ജയൻ, മുൻ ജില്ല സെക്രട്ടറി മുണ്ടപ്പള്ളി തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഏകപക്ഷീയമായി ജില്ല സെക്രട്ടറി ചില പേരുകൾ നിർദേശിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്.

ജില്ല സെക്രട്ടറിയുടെ താൽപര്യം നടക്കാനാകാതെ വന്നതിനെ തുടർന്ന് അസി. സെക്രട്ടറി തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ജില്ലയിൽ പാർട്ടിയിൽ അതിരൂക്ഷമായ വിഭാഗീയതയാണ് ഉടലെടുത്തിരിക്കുന്നത്. പാർട്ടി ശക്തികേന്ദ്രമായ അടൂർ മണ്ഡലത്തിലും കാനം പക്ഷത്തിനാണ് മേൽക്കൈ.ജില്ല സെക്രട്ടറിയുടെ പക്ഷത്തിന് മേൽക്കൈയുള്ള കോന്നിയിലും അസി. സെക്രട്ടറി തെരഞ്ഞെടുപ്പിൽ എ.ഐ.വൈ.എഫ് മുൻ ജില്ല പ്രസിഡന്റ് എ. ദീപകുമാർ മത്സരത്തിന് തയാറായതോടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ആർ. ചന്ദ്രമോഹൻ പങ്കെടുത്ത കോന്നി, പന്തളം മണ്ഡലം കമ്മിറ്റികളിൽ നേരിട്ട തിരിച്ചടി കാനംവിരുദ്ധ പക്ഷത്തെ പ്രമുഖനായ എ.പി. ജയന് കനത്ത പ്രഹരമായിരിക്കുകയാണ്. ജില്ലയിൽ 10 മണ്ഡലം കമ്മിറ്റികളിൽ ദുർബലമായ മല്ലപ്പള്ളിയും കൂടലുമൊഴികെ മറ്റെല്ലായിടത്തും കാനം പക്ഷത്തിന് മേൽക്കൈ നേടാനായിട്ടുണ്ട്.

Tags:    
News Summary - Sectarianism is rampant; CPI Pandalam constituency Asst. The secretary election was postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.