തിരുവനന്തപുരം: ബാബരിവിധിയുടെയും മാവോവാദിവേട്ടയുടെയും പശ്ചാത്തലത്തിൽ ശബരി മലയിൽ സുരക്ഷ കർശനമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിെൻറ മുന്നറിയിപ്പ ്. തീർഥാടകരുടെ വേഷത്തിൽ ഭീകരരും മാവോവാദികളും നുഴഞ്ഞുകയറാനുള്ള സാധ്യത ഏറെയാണ ്. തീരപ്രദേശങ്ങളിലും കനത്തജാഗ്രത വേണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീവ്രവാദികളെയും കുറ്റവാളികളെയും തിരിച്ചറിയാൻ ഇതരസംസ്ഥാനങ്ങളുടെ സഹായം തേടാം. വേണമെങ്കിൽ അവിടത്തെ രഹസ്യാന്വേഷണവിഭാഗത്തെ വിട്ടുതരാൻ അഭ്യർഥിക്കാമെന്നും കേന്ദ്ര ഇൻറലിജൻസ് വൃത്തങ്ങൾ ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്. വനാന്തരങ്ങളിൽ കാമറ സ്ഥാപിക്കണം. സന്നിധാനത്തേക്കുള്ള സാധനസാമഗ്രികളുമായി സ്വാമി അയ്യപ്പൻ റോഡ് വഴി വരുന്ന ട്രാക്ടറുകൾ കർശനമായി പരിശോധിക്കണം.
ഡോളിയിൽ പോകുന്ന ഭക്തർ എത്ര അവശരായാലും അവരെയും സഹായികളെയും പരിശോധിക്കണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത കാക്കിധാരികളെ സന്നിധാനത്തടക്കം പ്രവേശിപ്പിക്കരുത്. ഇവിടെ എത്തുന്ന വിദേശികളുടെ വിവരങ്ങൾ ശേഖരിക്കണം. സീസൺ അവസാനിക്കുന്നതുവരെ പുല്ലുമേട് മുതൽ സന്നിധാനം വരെ നിരന്തര പട്രോളിങ് വേണം. ശബരിമല പരിസരത്തും മറ്റുമുള്ള ഹോട്ടലുകളിലേക്കും ഫുഡ് സ്റ്റാളുകളിലും നിയന്ത്രണമില്ലാതെയാണ് ഗ്യാസ് സിലിണ്ടറുകൾ എത്തിക്കുന്നത്. പല ഹോട്ടലുകളുടെയും പിന്നാമ്പുറങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ കൂട്ടിയിടലാണ് പതിവ്. ഇത് അനുവദിക്കരുത്. ഈ മാസം 17നാണ് ശബരിമല തീർഥാടനകാലം ആരംഭിക്കുന്നത്.
സുരക്ഷ അഞ്ച് ഘട്ടങ്ങളിലായി
കനത്ത സുരക്ഷയാണ് ഇത്തവണ ശബരിമലയിൽ ഒരുക്കുക. സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി, പത്തനംതിട്ട ഭാഗങ്ങളിലായി 12,708 പൊലീസുകാരെ വിന്യസിക്കും. കഴിഞ്ഞ തീർഥാടനകാലത്ത് നാല് ഘട്ടമായിരുന്നു. ഉത്തരമേഖല എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിനായിരിക്കും മേൽനോട്ടചുമതല. ദക്ഷിണമേഖല ഐ.ജി ബൽറാംകുമാർ ഉപാധ്യായ, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ എം.ആർ. അജിത്കുമാർ എന്നിവരെ ജോയൻറ് ചീഫ് കോഓഡിനേറ്റർമാരായും ഡി.ഐ.ജിമാരായ സഞ്ജയ് കുമാർ ഗുരുഡിൻ, കാളിരാജ് മഹേഷ്കുമാർ, പി. പ്രകാശ് എന്നിവരെ ഡെപ്യൂട്ടി ചീഫ് കോഓഡിനേറ്റർമാരായും നിയമിച്ചു. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ജി. ജയദേവ് സ്പെഷൽ ലൈസൺ ഓഫിസർ ആകും. അടിയന്തരഘട്ടങ്ങളിൽ ഇടപെടുന്നതിന് തണ്ടർബോൾട്ടിെൻറ ഒരു പ്ലാറ്റൂൺ മണിയാറിൽ നിലയുറപ്പിക്കും. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽനിന്ന് 20 കമാൻഡോകളടക്കം 50പേർ സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുണ്ടാകും. വ്യോമസേനയുടെയും നേവിയുടെയും വാനനിരീക്ഷണവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.