കൊച്ചി: കളമശ്ശേരിയിലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കാമ്പസിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികളുൾപ്പടെ നാലുപേർ മരിച്ച സംഭവത്തിൽ സർവകലാശാലക്ക് വീഴ്ചപറ്റിയതിന്റെ തെളിവുകൾ പുറത്ത്. ടെക്ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടക്കുന്ന സംഗീതപരിപാടികളിൽ അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ പൊലീസിനെയും സുരക്ഷാജീവനക്കാരെയും വിന്യസിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്തുവന്നത്. എന്നാൽ, രജിസ്ട്രാർ ഈ കത്ത് പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് ലഭ്യമാവുന്ന വിവരം. അപകടം നടന്നതിന്റെ തലേദിവസമാണ് ഈ കത്ത് നൽകിയത്.
പൊലീസിന് രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആദ്യ ദിവസം മുതൽ ഉന്നത പൊലീസ് സംഘം ആവർത്തിക്കുന്നുണ്ട്. പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും വ്യക്തമാക്കിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് രജിസ്ട്രാർക്ക് പ്രിൻസിപ്പൽ അയച്ച കത്ത്. സുരക്ഷ ഓഫിസർക്കും പകർപ്പ് നൽകിയിരുന്നു.
‘കാമ്പസിലെ സംഗീതപരിപാടികൾക്കായി പൊലീസിനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നിയോഗിക്കുന്നതു സംബന്ധിച്ച്’ എന്ന വിഷയത്തിലാണ് പരിപാടിയുടെ ആതിഥേയരായ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു, കുസാറ്റ് രജിസ്ട്രാർ ഡോ. വി. മീരക്ക് കത്ത് നൽകിയത്. ടെക്ഫെസ്റ്റ് ആരംഭിച്ച വെള്ളിയാഴ്ചയാണിത്. വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ എട്ടുവരെ കുസാറ്റ് അമിനിറ്റി സെൻററിനു മുന്നിലും ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 9.30 വരെ ഓപൺ എയർ ഓഡിറ്റോറിയത്തിലുമായി സംഗീത പരിപാടികൾ നടക്കുമെന്നും പൊതുജനങ്ങൾക്ക് എത്താവുന്ന ഇടത്തിലായതിനാൽ അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ വേണ്ടത്ര പൊലീസിനെയും സുരക്ഷ ജീവനക്കാരെയും നിയോഗിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
സംഗീതപരിപാടികൾക്കായി വിദ്യാർഥികൾ രജിസ്ട്രാറിൽനിന്ന് നേരത്തേതന്നെ അനുമതി വാങ്ങിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ഈ കത്ത് രജിസ്ട്രാർ പൊലീസിന് കൈമാറിയിട്ടില്ല. പരിപാടിയെക്കുറിച്ച് വാക്കാലുള്ള അറിയിപ്പ് മാത്രമാണ് പൊലീസുകാർക്ക് ലഭിച്ചത്.
ദിവസങ്ങൾക്കുമുമ്പ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെതുടർന്ന് കാമ്പസിൽ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. നവംബർ 12നാണ് ഫലപ്രഖ്യാപനത്തിനുപിന്നാലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷമുണ്ടായത്. ഇതേതുടർന്ന് അഞ്ചിലേറെ പൊലീസുകാർ ദിവസങ്ങളായി ബോയ്സ് ഹോസ്റ്റൽ പരിസരം കേന്ദ്രീകരിച്ച് ചുമതലയിലുണ്ടായിരുന്നു. ഇവർ മാത്രമാണ് അപകടം നടക്കുന്ന കാമ്പസിൽ അന്നുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.