ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ പ്രവേശന നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഫീസ് സംബന്ധിച്ച അന്തിമ ഉത്തരവ് ഒരാഴ്ചക്കകം പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈകോടതിക്ക് നിർദേശം നൽകി. അതുവരെ കൗൺസലിങ് നടപടികളിലേക്ക് കടക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം, സ്വാശ്രയ ഡെൻറൽ, മെഡിക്കൽ ഫീസ് പരിഷ്കരിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ േബാധിപ്പിച്ചു.
കേരളത്തിലെ സ്വാശ്രയ കോളജുകൾക്ക് ജസ്റ്റിസ് രാജേന്ദ്ര ബാബു കമീഷൻ നിശ്ചയിച്ച അഞ്ചുലക്ഷം രൂപ വാർഷിക ഫീസ് പര്യാപ്തമല്ലെന്ന് വാദിച്ച് ഫീസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇൗ ഹരജി തിങ്കളാഴ്ച പരിഗണിച്ചപ്പോൾ വിഷയം കേരള ഹൈകോടതിയുടെ മുന്നിലാണെന്നും നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാനിരിക്കുകയാണെന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചു.
എന്നാൽ, ഇൗ വാദത്തെ ഖണ്ഡിച്ച കെ.എം.സി.ടി കോളജ് അഭിഭാഷകൻ ഹരീഷ് സാൽവെ, തങ്ങൾ ഇക്കാര്യത്തിലുള്ള നിർദേശങ്ങൾ മാർച്ചിൽ സമർപ്പിച്ചതാണെന്നും അതിൽ ഒരു നടപടിയുമുണ്ടായില്ലെന്നും അറിയിച്ചു.
ഹൈകോടതി നാലാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുേമ്പാഴേക്കും കൗൺസലിങ് നടപടികൾ പൂർത്തിയാകുമെന്നും അതിനുമുമ്പ് ഫീസ് പരിഷ്കരണം സംബന്ധിച്ച ഉത്തരവാണ് തങ്ങൾക്ക് വേണ്ടതെന്നും ഹരീഷ് സാൽവെ ബോധിപ്പിച്ചു.
പ്രമുഖ അഭിഭാഷകർ മറ്റു സ്വാശ്രയ കോളജുകൾക്കുവേണ്ടി ഹാജരായിരുന്നുവെങ്കിലും അവർ വാദം തുടങ്ങുംമുേമ്പ സുപ്രീംകോടതി മാനേജ്മെൻറുകൾക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സാൽവെയുടെ ആവശ്യം അപ്പടി അംഗീകരിച്ച സുപ്രീംകോടതി ബെഞ്ച്, ഒരാഴ്ചക്കകം മാനേജ്മെൻറുകളുടെ ആവശ്യത്തിൽ തീർപ്പുകൽപിക്കാൻ കേരള ഹൈകോടതിയോട് ആവശ്യപ്പെട്ടു.
അതുവരെ കൗൺസലിങ് നടപടികളിലേക്ക് കടക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ ആറിന് തുടങ്ങാനിരുന്ന സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ രേഖകളുടെ പരിശോധനയടക്കമുള്ള പ്രവേശന നടപടികളെ സുപ്രീംകോടതി വിധി പ്രതികൂലമായി ബാധിക്കും. പ്രവേശനത്തിന് പുതിയ സമയക്രമം തയാറാേക്കണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.