ന്യൂഡൽഹി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളുടെ എം.ബി.ബി.എസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. തൊടുപുഴ അൽ അസ്ഹർ മെഡിക്കല്‍ കോളജ്, വയനാട് ഡി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് വാണിയംകുളം പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് എന്നീ കോളജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് കോടതി റദ്ദാക്കിയത്.
തൊടുപുഴ അല്‍ അസ്ഹർ, ഡി.എം വയനാട്, ഒറ്റപ്പാലം പി.കെ. ദാസ് എന്നീ കോളജുകളിലെ 150 വീതം എം.ബി.ബി.എസ് സീറ്റുകളിലെയും വര്‍ക്കല എസ്.ആർ കോളജിലെ 100 സീറ്റുകളിലേക്കുമുള്ള പ്രവേശനമാണ് തടഞ്ഞത്. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ അനുമതി നിഷേധിച്ച നടപടി സ്റ്റേ ചെയ്ത ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അപ്പീൽ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ അംഗങ്ങളായ ബെഞ്ചിന്‍റെ വിധി.
ഹൈകോടതി നൽകിയ അനുമതി മെഡിക്കൽ കൗൺസിൽ റിപ്പോർട്ടിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. മാനദണ്ഡം പാലിക്കാത്തത് കൊണ്ടാണ് പ്രവേശനാനുമതി നിഷേധിച്ചതെന്നും അതിനാൽ ഹൈകോടതി വിധി റദ്ദാക്കണമെന്നും ആണ് മെഡിക്കൽ കൗൺസിലിന്‍റെ വാദം. അതേസമയം, പ്രവേശനം പൂർത്തിയായതിനാൽ അനുകൂല നിലപാടുണ്ടാക്കണമെന്നും സംസ്ഥാന സർക്കാരും കോളജ് മാനേജുമെന്‍റുകളും ആവശ്യപ്പെട്ടു.
മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ നാല് കോളജുകളിലെ പ്രവേശനം ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ വിലക്കിയിരുന്നു. ഇതിനെതിരെ ഹൈകോടതിയില്‍ നിന്ന് മെഡിക്കൽ കോളജുകൾ അനുകൂലവിധി നേടി. തുടര്‍ന്ന് അവസാനവട്ടം മോപ്-അപിലൂടെ പ്രവേശനവും നടത്തി. എന്നാൽ, ഹൈകോടതി വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോപ്-അപ് കൗണ്‍സലിങ് കോടതി തടയുകയും പ്രവേശനം അനിശ്ചിതത്വത്തിലാവുകയും ചെയ്തത്.
സുപ്രീംകോടതി നാല് കോളജുകളിലെ പ്രവേശനം റദ്ദാക്കിയ സാഹചര്യത്തിൽ മോപ്-അപ് കൗണ്‍സലിങ് ഒന്നടങ്കം റദ്ദാക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.